കോതമംഗലം : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ 5 കോടി 39 ലക്ഷം രൂപ ചെലവഴിച്ച് ഹൈടെക് വിദ്യാലയമാക്കിയ ചെറുവട്ടൂർ ഗവൺമെൻ്റ് മോഡൽ ഹയർ സെക്കൻ്ററി സ്കൂൾ ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ നാടിനായി സമർപ്പിച്ചു.വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ബഹു:പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുഖ്യ അതിഥിയായിരുന്ന ആൻ്റണി ജോൺ എം എൽ എ ഹൈടെക് സ്കൂൾ മന്ദിരത്തിൻ്റെ ശിലാ ഫലകം അനാഛാദനം ചെയ്തു. ഹൈടെക് സ്കൂളിൻ്റെ ഭാഗമായി പുതിയ 21 ക്ലാസ് റൂമുകളും,2 ഹൈടെക് ലാബുകളും,ഓഫീസ് സമുച്ചയങ്ങളും,കൂടാതെ ആധുനിക രീതിയിലുള്ള 8 ടോയ്ലറ്റുകളും, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റുകളും അടങ്ങുന്ന ടോയ്ലറ്റ് കോംപ്ലക്സ്,അനുബന്ധ ഇലക്ട്രിക്,പ്ലബ്ബിങ്ങ് വർക്കുകൾ ഉൾപ്പെടെയുള്ള പ്രവർത്തികളാണ് പൂർത്തീകരിച്ചത്.
1958 ൽ ഒന്നാം ഇ എം എസ് സർക്കാരിൻ്റെ കാലത്ത് ഹൈസ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച സ്കൂൾ ഇന്ന് 7.5 ഏക്കറോളം വിസ്തൃതി വരുന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന താലൂക്കിലെ ഏറ്റവും വലിയ സർക്കാർ ഹൈസ്കൂളും,മണ്ഡലത്തിലെ പുരാതന സ്കൂളുകളിൽ ഒന്നുമാണ്.സ്കൂളിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ സാധ്യമായത്.സ്കൂൾ ആരംഭിച്ച കാലം മുതൽ സ്കൂളിൻ്റെ ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തിത്വങ്ങളെ ചടങ്ങിൽ എം എൽ എ ഉപഹാരം നൽകി ആദരിച്ചു.
സർക്കാരിൻ്റെ ഹൈടെക് സ്കൂൾ പദ്ധതിയിൽ ചെറുവട്ടൂർ മോഡൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിനെ തിരഞ്ഞെടുത്ത ആൻ്റണി ജോൺ എം എൽ എ യ്ക്ക് സ്കൂൾ പി റ്റി എ,എസ് എം സി ഭാരവാഹികൾ ചേർന്ന് ഉപഹാരം നൽകി.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോളി കുര്യാക്കോസ്,വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്സൺ ജാൻസി ജോർജ്,ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം,പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ജയകുമാർ,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ ആർ വിനയൻ,വാർഡ് മെമ്പർമാരായ എം കെ സുരേഷ്,സഹീർ കോട്ടപ്പറമ്പിൽ,മൃദുല ജനാർദ്ദനൻ,താഹിറ സുധീർ,റ്റി എം അബ്ദുൾ അസീസ്,എം ഐ നാസർ,പി എ ഷിഹാബ്,ആസിയ അലിയാർ,കൈറ്റ് സിഇഒ കെ അൻവർ സാദത്ത്,ആർ ഡി ഡി ശകുന്തള കെ,ഡി ഡി ഇ ഹണി ജി അലക്സാണ്ടർ,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ കെ ജെ പ്രസാദ്,മുൻ ജില്ലാ കോ ഓർഡിനേറ്റർ ജോർജ് ബാസ്റ്റിൻ,കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ സജിമോൻ പി എൻ,ഡി പി ഒ ഉഷ മനാട്ട്,ഡയറ്റ് പ്രിൻസിപ്പൽ റ്റി വി ഗോപകുമാർ,ഡി ഇ ഒ ലത കെ,എ ഇ ഒ അനിത പി എൻ,ബിപിഒ പി ജ്യോതിഷ്,മുൻ ബിപിഒ എസ് എം അലിയാർ,ചെറുവട്ടൂർ ജി റ്റി റ്റി ഐ പ്രിൻസിപ്പാൾ വിലാസനി സി കെ, പ്രൊജക്റ്റ് സൈറ്റ് സൂപ്പർവൈസർ ഷിൻ്റോ ചാക്കോ,എച്ച് എം ഇൻ ചാർജ് സിന്ധു റ്റി എൻ,പ്രിൻസിപ്പാൾ എ നൗഫൽ,പി റ്റി എ പ്രസിഡൻ്റ് സലാം കാവാട്ട് എന്നിവർ പങ്കെടുത്തു.