കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടര്‍ സെര്‍വര്‍ റൂമില്‍ തീപിടിത്തം. കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ കത്തി നശിച്ചു.വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടത്തത്തിന് കാരണമെന്ന് അനുമാനം. കോതമംഗലം ഫയര്‍ഫോഴ്സിന്‍റെ അവസോരോചിതമായ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി. ഉച്ചക്ക് 12 മണിയോടെ വൈസ്പ്രസിഡന്‍റ് ഓഫീസിന് ചേര്‍ന്നുളള കമ്പ്യൂട്ടര്‍ സെര്‍വര്‍ റൂമില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ടാണ് തീ പിടുത്തം ഉണ്ടായതായി തിരിച്ചറിയുന്നത്. ഉടന്‍ തന്നെ സെര്‍വര്‍ റൂമിലെ വൈദ്യുതി വിച്ഛേദിച്ച് ഡാറ്റ സെര്‍വര്‍ എടുത്ത് മാറ്റുകയും ഉടന്‍ കോതമംഗലം ഫയര്‍ഫോഴ്സ് എത്തി തീ അണക്കുക യുമായിരുന്നു.
ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാരും ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും നിരവധി ആളുകളും നില്‍ക്കെ പഞ്ചായത്തില്‍ നിന്നും തീയും പുകയും ഉയര്‍ന്നത് ആളുകളെ ഭീതിയിലാക്കിയിരുന്നു.സെര്‍വര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന ബാറ്ററികളും യു പി എസ് യൂണിറ്റും കത്തിനശിച്ചു.കമ്പ്യൂട്ടര്‍ സെര്‍വറില്‍ സൂക്ഷിച്ചിരുന്ന ഡാറ്റ നഷ്ടപെടാതെ സംരക്ഷിക്കാന്‍ കഴിഞ്ഞതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ഇവ പരിശോധന നടത്തുമെന്ന് അദ്ധേഹം പറഞ്ഞു.