കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ രണ്ടാം വാർഡിലെ രണ്ട് SC കോളനികളിലേക്കായി 25 ലക്ഷം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കുര്യാപ്പാറമോളം കുടിവെള്ള പദ്ധതി നാളിതുവരെ പ്രവർത്തന സജ്ജമായില്ലന്ന് പരാതി . നിരവധി കുടുംബങ്ങൾ കുടിവെള്ളം ലഭിക്കാതെ കടുത്ത ദുരിതത്തിൽ. 2017 – 18 പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ മുടക്കി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അനുവദിച്ച് നിർമ്മാണം ആരംഭിച്ച പദ്ധതിയാണ് ഇത്.
2019 – ൽ പദ്ധതിയുടെ പൂർത്തീകരണ ഉദ്ഘാടനം നടത്തുകയും ചെയ്തു.
രണ്ട് SC കോളനിയിലെ കുടുംബക്കാർക്കാണ് പദ്ധതി നടപ്പാക്കിയത്. എന്നാൽ
രണ്ട് കോളനിക്കാർക്കും ഒരു തുള്ളി വെള്ളം ലഭിക്കുന്നില്ലന്നാണ് പരാതി.
പഞ്ചായത്ത് ഇലക്ഷൻ മുന്നിൽ കണ്ട് പൂർത്തിയാകാത്ത പദ്ധതിയുടെ ഉദ്ഘാടനം നടത്തുകയായിരിന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഉയർന്ന പ്രദേശമായ കുര്യാപ്പാറ മോളത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്ക്ഷനും സ്ഥാപിച്ചിട്ടുണ്ട് . എന്നാൽ ഇതിൽ കൃത്യസമയത്ത് വെള്ളം ലഭിക്കുന്നില്ല. രോഗികളും , പ്രായമായവരും സ്ത്രീകളുമടക്കം നിരവധി ആളുകൾ തിങ്ങിപ്പാർക്കുന്ന കോളനിയിൽ അടുത്തുള്ള കമ്പനികളിലേക്ക് പാറ കുഴിയിൽ നിന്നും മോട്ടോർ അടിച്ച് കൊണ്ടുപോകുന്ന പൈപ്പിന്റെ ചോർന്ന് ലഭിക്കുന്ന ശുദ്ധമല്ലാത്ത വെള്ളം ഉപയോഗിച്ചാണ് കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്.
കുടിവെള്ള ക്ഷാമത്തിന് ഉടൻ പരിഹാരം കാണമെന്നാണ് നാട്ടുകാരുടെ പരാതി.
സ്വതന്ത്ര കുടിവെള്ള പദ്ധതിയായതു കൊണ്ട് ഉപഭോക്താതാക്കൾ കരണ്ട് ബില്ല് അടക്കണം. ഇതിന് പ്രദേശവാസികൾ തയ്യാറല്ലാത്തതു കൊണ്ടാണ് വെള്ളം ലഭിക്കാത്തെന്നാണ് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം. എന്നാൽ രണ്ട് കോളനികളിലേക്കായി നിരവധി കുടുംബങ്ങൾക്ക് കണക്ഷൻ നൽകാമെന്ന് പറഞ്ഞാണ് ഈ വലിയ പദ്ധതി ആരംഭിച്ചത് എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ഒരു കോളനിയിലെ തുച്ഛമായ വീടുകളിൽ മാത്രമാണ് കണക്ഷൻ നൽകിയിട്ടൊള്ളു അതു കൊണ്ട് തന്നെ വലിയ തുകയാണ് ഓരോ കുടുംബങ്ങളും കറന്റ് ചാർജായി മാസാമാസം കൊടുക്കേണ്ടിവരുന്നത് ഇത് വല്ലാത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. കൂടാതെ കണക്ഷൻ എടുത്തിട്ടുള്ള കുടുംബങ്ങൾക്ക് കൃത്യമായി കുടിവെള്ളം ലഭിക്കാത്തത് കൊണ്ട് വലിയ തുക കറണ്ട് ബില്ല് അടക്കാൻ തയ്യാറല്ല എന്നാണ് ഗുണഭോക്താക്കളുടെ വാദം.