കവളങ്ങാട് : നാടുകാണിയിൽ വീട്ടുമുറ്റത്തെ വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ വനപാലകരുടെ നേതൃത്വത്തിൽ രക്ഷപെടുത്തി. നാടുകാണി സ്വദേശി സജിയുടെ വീട്ടുമുറ്റത്തെ വലയിൽ കുരുങ്ങിയ പെരുംപാമ്പിനെയാണ് പിടികൂടിയത്. രാവിലെ മുറ്റത്ത് പാമ്പിനെ കണ്ട വീട്ടുകാർ കോതമംഗലം റേഞ്ച് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. കോതമംഗലം ഫോറസ്റ്റർ സന്തോഷിന്റെ നിർദ്ദേശപ്രകാരം തടിക്കുളം ഫോറെസ്റ് സെക്ഷൻ ഓഫീസിലെ BFO നൂറുൽ ഹസ്സനും CK വർഗ്ഗീസും സ്ഥലത്തെത്തി വലയിൽ കുരുങ്ങിയ പാമ്പിനെ രക്ഷപ്പെടുത്തി. വീട്ടിൽ വളർത്തുന്ന മുയലുകളുടെ കൂടിനെ ലക്ഷ്യമാക്കി വന്ന പാമ്പാണ് വലയിൽ കുരുങ്ങിയത്. പാമ്പിന് 10 അടിയോളം നീളം ഉണ്ടായിരുന്നു.
