കോതമംഗലം: നിയമവിദ്യാർത്ഥിനിയായ മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃ പിതാവ് യൂസഫ് (63) എന്നിവരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . ഐ.പി.സി 304 (ബി), 498 (ഏ), 306, 34 ഐ പി സി വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മോഫിയാ പർവ്വീൺ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസ് എറണാകുളം റൂറൽ ജില്ലാ സി ബ്രാഞ്ച് അന്വേഷിക്കുന്നത്. ഡി.വൈ.എസ്.പി വി.രാജീവിനാണ് അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.
ബുധനാഴ്ച തെളിവെടുപ്പുമായി ബന്ധപ്പെട്ട് 3 പ്രതികളെയും കോതമംഗലം ഇരമല്ലൂർ, കുറ്റിലഞ്ഞിയിലെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവ്ടുപ്പിനിടയിൽ യഥാർത്ഥ വസ്തുത പുറത്തു വന്നിട്ടില്ലെന്നും, ഇപ്പോൾ പ്രചരിക്കുന്നത് നുണ കഥകൾ ആണെന്നും, സത്യം ഉടൻ പുറത്ത് വരുമെന്നും സുഹൈൽ പ്രതികരിച്ചു. എന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ഉണ്ടെന്നും, അത് വെളിപ്പെടുത്തുമെന്നുമാണ് സുഹൈലിന്റെ പിതാവ് യൂസഫ് പ്രതികരിച്ചത്. സ്വന്തം മകളെ പോലെ തന്റെ ഉള്ളം കൈയിൽ വളർത്തിയ മകളെന്നാണ് സുഹൈലിന്റെ ഉമ്മ റുഖിയയുടെ പ്രതികരണം.