കോതമംഗലം : നെല്ലിക്കുഴിയിൽ മന്ത്രി മുഹമ്മദ് റിയാസിന് നേരെ കരിങ്കൊടി പ്രതിഷേധം. കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിയുടെയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജീബ് ഇരമല്ലൂരിന്റെയും നേതൃത്വത്തിലാണ് PWD മന്ത്രി മുഹമ്മദ് റിയാസിന് നേരെ കരിങ്കൊടി ഉയർത്തിക്കാട്ടി പ്രതിഷേധിച്ചത്.
ആലുവ – മുന്നാർ റോഡ് ഉടൻ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുക, PWD മന്ത്രി പ്രശ്നത്തിൽ ഇടപെട്ട് ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണുക,
ആലുവ – മൂന്നാർ റോഡിലെ ദുസ്സഹ യാത്രക്ക് പരിഹാരം കാണുക, ജനങ്ങളുടെ ജീവന് വില കല്പിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത്.
കഴിഞ്ഞ 7 വർഷക്കാലമായി ആലുവ – മൂന്നാർ റോഡ് കുണ്ടും കുഴിയുമായി മാറിയിരിക്കുകയാണ്. കാലങ്ങളായുള്ള പാച്ച് വർക്കുകൾ അല്ലാതെ ഫുൾ ടാറിംഗ് വാഗ്ദാനങ്ങളിൽ മാത്രമായി ഒതുങ്ങുകയാണെന്നും ഒന്നര വർഷം മുൻപ് നിയമ സഭയിൽ അടക്കം മന്ത്രി പ്രഖ്യാപിച്ചതാണ് ആലുവ – മൂന്നാർ റോഡ് 4 വരി പതയാക്കാൻ ഫണ്ട് നീക്കി വച്ചിട്ടുണ്ട് എന്നും ശബരിമലയുടെ പ്രത്യേക പാക്കേജ് ഫണ്ട് ഉപയോഗിച്ച് ഫുൾ ടാറിംഗ് പൂർത്തിയാക്കി അടിയന്തിരമായി ടാറിംഗ് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് നാളിതുവരെ നടപടിയുണ്ടായിട്ടില്ലന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.