മുവാറ്റുപുഴ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐരാപുരം കുഴൂർ കുന്നുകുരുടി ഭാഗത്ത് പാറത്തട്ടയിൽ വീട്ടിൽ മനു (23) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുന്നത്തുനാട്, കുറുപ്പംപടി, മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധികളിൽ മയക്കുമരുന്ന്, മോഷണം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ ജനുവരി,ഫെബ്രുവരി മാസങ്ങളിൽ മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത 5 മോഷണ കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്.
കുന്നത്ത് നാട് എസ്.ഐ എ.എൽ അഭിലാഷ്, എസ്.സി പി.ഒ വർഗീസ് ടി. വേണാട്ട്, സി.പി. ഒമാരായ ജോബി ചാക്കോ , അൻവർ ,ശ്രീജിത്ത് തുടങ്ങിയവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 78 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. 53 പേരെ നാട് കടത്തി. നിരന്തര കുറ്റവാളികൾക്കെതിരെ വരും ദിവസങ്ങളിൽ കാപ്പ ഉൾപ്പടെയുള്ള കൂടുതൽ നിയമനടപടികൾ ഉണ്ടാവുമെന്ന് എസ്.പി വിവേക് കുമാർ പറഞ്ഞു.