കോതമംഗലം : കാഴ്ച്ച പരിമിതയായ അറുപതുകാരി മകളെ ചേർത്തു പിടിച്ച് കായൽ കാഴ്ചകൾ കാണിച്ച് കൊടുക്കുമ്പോൾ 92 കാരി പാറുക്കുട്ടിയമ്മയുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം. ലോക മാനസികാരോഗ്യ ദിനത്തിൽ കോതമംഗലം പീസ് വാലിക്ക് കീഴിലെ സാമൂഹിക -മാനസിക പുനരധിവാസ കേന്ദ്രത്തിലെ സഹോദരങ്ങൾക്കായി സംഘടിപ്പിച്ച വാട്ടർ മെട്രോയിൽ യാത്രയിലായിരുന്നു ഈ കാഴ്ചകൾ. സെറിബ്രൽ പാൾസി ബാധിതയായ ഷൈമോളും പ്രിയയും നേരത്തെ തന്നെ സൈഡ് സീറ്റ് പിടിച്ചിരുന്നു. കാഴ്ചകൾ കണ്ട് ഇരുവർക്കും വലിയ സന്തോഷം. കൊച്ചി മെട്രോയുടെ സഹകരണത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്.
മാനസിക സാമൂഹിക പുനരധിവാസ കേന്ദ്രത്തിലെ അറുപതു പേരാണ് യാത്രയിൽ പങ്കെടുത്തത്. വീൽചെയറിൽ ഇരുന്നാണെങ്കിലും വിനായകനും തങ്കമ്മയുമൊക്കെ പാട്ടു പാടി യാത്ര ആസ്വദിച്ചു. വാട്ടർ മെട്രോ ഭിന്നശേഷി സൗഹൃദമായതിനാൽ യാത്ര തീർത്തും പ്രയാസരഹിതമായിരുന്നു. രാവിലെ 11 ന് വൈറ്റിലയിൽ നിന്ന് ആരംഭിച്ച് കാക്കനാട് വാട്ടർ മെട്രോ ടെർമിനലിൽ പോയി തിരികെ വൈറ്റിലയിൽ എത്തുന്ന രീതിയിൽ ആയിരുന്നു യാത്ര.
അസിസ്റ്റന്റ് കളക്ടർ ഹർഷിൽ ആർ മീണ IAS യാത്ര ഉത്ഘാടനം ചെയ്തു. ജീവിതത്തിൽ വർണ്ണങ്ങൾ മങ്ങിപ്പോയവർക്ക് അവിസ് മരണീയ അനുഭവങ്ങൾ ഒരുക്കുന്ന പീസ് വാലിയെ അദ്ദേഹം അഭിനന്ദിച്ചു. വാട്ടർ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ സാജൻ ജോൺ പീസ് വാലി ഭാരവാഹികളായ കെ എച്ച് ഹമീദ്, രാജീവ് പള്ളുരുത്തി, ഫാറൂഖ് കരുമക്കാട്ട്, ഇ എ ഉസ്മാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.