തൃക്കാരിയൂർ : ആയക്കാട് മാടവന പാടശേഖരങ്ങളും തണ്ണീർതടങ്ങളും മണ്ണിട്ട് നികത്തുവാനുള്ള ഭൂമാഫിയയുടെ നീക്കം തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് തൃക്കാരിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ നിൽപ്പ് സമരം സംഘടിപിച്ചു.
വില്ലേജ് ഓഫീസിന് മുന്നിൽ തന്നെയുള്ള കടുത്ത വേനലിൽ പോലും വറ്റാത്ത തണ്ണീർ തടമാണ് അധികാരികളുടെ ഒത്താശയോടെ പുരയിടമാക്കി മാറ്റി മണ്ണടിച്ച് നികത്താനുള്ള നീക്കം നടക്കുന്നത്. ഇതിനു മുൻപ് രാത്രിയുടെ മറവിൽ മണ്ണിട്ട് നികത്തുവാനുള്ള നീക്കം പനാമക്കവല ഗ്രാമം നിവാസികൾ തടഞ്ഞിരുന്നു. നിരവധി പരാതികളും ബന്ധപ്പെട്ട അധികാരികൾക് ഗ്രാമം നിവാസികൾ നൽകിയിട്ടുള്ളതുമാണ്.
ഏക്കർ കണക്കിന് തണ്ണീർ തടങ്ങളിൽ നീളവും കുറുകെയും ഒന്നര മീറ്റർ അകലത്തിൽ വെള്ളം തങ്ങി നിൽക്കുന്നതും ഒഴുകുന്നതുമായ ചാലുകളും ഉള്ള ഈ ഭാഗം എങ്ങനെയാണ് പുരയിടമാക്കി മാറ്റാൻ അധികാരികൾ ഒത്താശ ചെയത് കൊടുത്തത് എന്നതും അന്വേഷണം നടത്തേണ്ടതാണ്.
ഒരു പ്രദേശത്തിന്റയാകെ കുടിവെള്ള സ്രോതസ് ഇല്ലാതാക്കി റവന്യു പോലീസ് അധികാരികളെ സ്വാധീനിച്ച് ഭൂമാഫിയ നടത്തുന്ന നീക്കം തടയണമെന്ന ശക്തമായ ആവശ്യം മുൻനിർത്തിയാണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ സമരം നടത്തിയത്. പി കെ മധുസൂദനൻ, വി എം മണി, ഗോപിനാഥൻ കൊച്ചുവീട്ടിൽ, ഷീല വിജയൻ, സൂര്യ രതീഷ്, രശ്മി ബിജു, പി ജി വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്.