തൃക്കാരിയൂർ : 35 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി കോഴിക്കോട് വച്ച് നടന്ന കേരള മാസ്റ്റേഴ്സ് സംസ്ഥാന കായിക മത്സരത്തിൽ എറണാകുളം ജില്ലയെ പ്രധിനിധീകരിച്ചു പങ്കെടുത്ത തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂൾ സയൻസ് അധ്യാപിക ദൃശ്യ ചന്ദ്രൻ 100,200,400 മീറ്റർ ഓട്ടമത്സരത്തിൽ മൂന്ന് ഇനങ്ങളിലും വെങ്കല മെഡൽ നേടി 2022 ഫെബ്രുവരി 21 മുതൽ ഹൈദരാബാദിൽ വച്ച് നടക്കുന്ന ദേശിയ മത്സരത്തിൽ കേരളത്തെ പ്രധിനിധീകരിച്ചു പങ്കെടുക്കുന്നതിന് യോഗ്യത നേടി. കായിക പ്രതിഭയായ ദൃശ്യയെ ആദരിക്കുന്നതിനായി ഡി ബി എച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണസമിതി അംഗമായ ജോയി പോൾ മുഖ്യഅതിഥിയായി പങ്കെടുത്ത് പൊന്നാട അണിയിച്ചു ആദരിച്ചു. വളർന്നുവരുന്ന യുവതലമുറയ്ക്ക് ഭാവിയുടെ പ്രതീക്ഷയും ആരോഗ്യപരിപാലനവും കായികലോകം ഉറപ്പുവരുത്തുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു .
35 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ കായിക മത്സരത്തിൽ പങ്കെടുത്ത സ്കൂൾ അധ്യാപിക പ്രായത്തിൻറെ പരിമിതികളെ തരണം ചെയ്തുകൊണ്ട് വിജയം നേടിയതിനെ പ്രശംസിച്ച അദ്ദേഹം യുവതലമുറയ്ക്ക് ഇതൊരു പ്രചോദനമാകട്ടെ എന്ന് ആശംസിക്കുക കൂടി ചെയ്തു . തൊഴിൽ സാധ്യതകൾ ഏറെയുള്ള കായിക മേഖലയ്ക്ക് വേണ്ടുന്ന രീതിയിലുള്ള പ്രോത്സാഹനം സ്കൂൾ തലത്തിൽ തന്നെ നൽകണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. ചടങ്ങിൽ പി. ടി. എ പ്രസിഡൻറ് അഡ്വ.രാജേഷ് രാജൻ അധ്യക്ഷത വഹിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് C. സ്.രാജലക്ഷ്മി ,പിടിഎ വൈസ് പ്രസിഡൻറ് ജയചന്ദ്രൻ അദ്ധ്യാപകരായ സുമേഷ് കൃഷ്ണൻ, ഹേമ കർത്ത എന്നിവർ പങ്കെടുത്തു.