മലപ്പുറം: പെരിന്തൽമണ്ണയിൽ വാഹന പരിശോധനയിൽ 63 ലക്ഷം രൂപയുടെ കുഴൽപ്പണം പൊലീസ് പിടികൂടി. കോതമംഗലം തലക്കോട് സ്വദേശികളായ തുണ്ടുകണ്ടം സുമേഷ് (40), നെല്ലൻകുഴിയിൽ ബെന്നെറ്റ് (32) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക സംഘം തിങ്കളാഴ്ച രാത്രി ജില്ലാ അതിർത്തിയായ തൂതയിൽ നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെടുത്തത്. വാഹനത്തിന്‍റെ മുൻ സീറ്റിന്‍റെ അടിഭാഗത്തും പിൻ ഭാഗത്തും ഒളിപ്പിച്ച നിലയിലായിരുന്നു രേഖകളില്ലാത്ത കുഴല്‍പ്പണം കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പെരിന്തൽമണ്ണ പൊലീസിന്‍റെ വാഹനപരിശോധന.
നോട്ടുകൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് വാഹനത്തിന്റെ സീറ്റിന് താഴെ മാറ്റിന്റെ അടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു. ഇവർ സഞ്ചരിച്ച ഇന്നോവയും കസ്റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ പൊലീസുമായി ചേർന്നായിരുന്നു പരിശോധന. പിടിച്ചെടുത്ത പണം പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കുമെന്നും എൻഫോഴ്‌സ്‌മെന്റിന് റിപ്പോർട്ട് നൽകുമെന്നും പൊലീസ് അറിയിച്ചു. പെരിന്തൽമണ്ണ ഡിവൈഎസ്പി എം സന്തോഷ്‌കുമാർ, ഇൻസ്‌പെക്ടർ സി അലവി, എസ്ഐമാരായ സി കെ നൗഷാദ്, ഷൈലേഷ്, മോഹൻദാസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.