കോതമംഗലം : ഭക്ഷണത്തോടും, പാചക കലയോടുമുള്ള ഇഷ്ട്ടം കൂടിയിട്ടാണ് എം. എ. കോളേജിലെ പ്രീ ഡിഗ്രി പഠനത്തിന് ശേഷം പോത്താനിക്കാട് വെട്ടുകല്ല്മാക്കൽ സജിമോൻ വി വാസു ബാംഗ്ലൂർക്ക് വണ്ടി കയറുന്നത്. ലക്ഷ്യം പാചക കലയിൽ അഗ്രഗണ്യൻ ആകുക എന്നതും. ബാംഗ്ലൂരിൽ ഹോട്ടൽ മാനേജ്‍മെന്റ് പഠനം പൂർത്തിയാക്കി 93 ൽ എറണാകുളത്ത് താജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൽ ജോലിക്ക് കയറി.അതിന് ശേഷം 96ൽ സജിമോൻ അമേരിക്കയിലേക്ക് പറന്നു. ഇപ്പോൾ അമേരിക്കയിലെ ന്യൂയോർക്കിൽ ഭക്ഷണ പ്രേമികളുടെ പ്രിയപ്പെട്ട ഷെഫ് ആണ് സജിമോൻ. പുതിയ പുതിയ പാചക പരീക്ഷണങ്ങൾ, വൈവിധ്യ മാർന്ന രുചികൂട്ടുകൾ എല്ലാം പരീക്ഷിച്ചു അവിടുത്തെ ജനമനസുകൾ കീഴടക്കുകയാണ് ഈ അമേരിക്കൻ മലയാളി.
പാചക കലയിൽ മാത്രം ഒതുങ്ങുന്നതല്ല ഇദ്ദേഹത്തിന്റെ കഴിവുകൾ പഴവര്ഗങ്ങളിലും, പച്ചക്കറികളിലും, ചീസിലും, ഐസിലും, ചോക്ലേറ്റ് കളിലും എല്ലാം കൊത്തുപണികൾ നടത്തി ജീവൻ തുടിക്കുന്ന നയന മനോഹരങ്ങളായ രൂപങ്ങൾ സൃഷ്ടിച്ചെടുക്കുന്ന ഒരു ശില്പികൂടിയാണിദ്ദേഹം. തണ്ണിമത്തൻ കൊണ്ടും, മത്തങ്ങാ കൊണ്ടും ഐസ് കൊണ്ടും, വിവിധ പച്ചക്കറികൾ കൊണ്ടും മയിൽ, നായകുട്ടി, തുടങ്ങി വിവിധ ഇനം പക്ഷി മൃഗതികളുടെയും, മോഹൻലാലിന്റെയും, യേശുദേവന്റെയും, മാതാവിന്റെയും എല്ലാം ജീവസുറ്റ മിഴിവാർന്ന ചിത്രങ്ങൾ ഒരുക്കി ആരേയും അതിശയിപ്പിക്കുകയാണ് ഈ കലാകാരൻ.
ന്യൂ യോർക്കിലെ വലിയ വലിയ ആഘോഷങ്ങളിൽ സജിമോന്റെ കരവിരുതിൽ പിറവിയെടുത്ത അലങ്കാര വസ്തുക്കൾ അഭിഭാജ്യ ഘടകമായി മാറിയിരിക്കുന്നു എന്നതാണ് സത്യം. അതുകൊണ്ടായിരിക്കണം അമേരിക്കയിലെ ഷെഫ് മാരുടെ സംഘടനയായ എ സി എഫ് (american culinary federation) നടത്തിയ ഇന്റർനാഷണൽ മത്സരത്തിൽ മികച്ച ഫല വർഗ കൊത്തു പണിക്കാരൻ എന്ന ബഹുമതി 3 തവണ ഗോൾഡ് മെഡൽ ഉൾപ്പെടെ ഇദ്ദേഹം കരസ്തമാക്കിയതും. ഈ ബഹുമതി നേടിയതുവഴി സജിമോന് ഔട്ട്സ്റ്റാൻഡിങ് പെർഫോർമർ കാറ്റഗറിയിൽ ഒ വിസ ലഭിക്കുകയും, ആ വഴി ഇദ്ദേഹത്തിന് യു എസ് ഗ്രീൻ കാർഡ് സിറ്റിസൺ ഷിപ്പും ലഭിക്കുകയും ചെയിതു . അന്തർ ദേശീയ തലത്തിൽ തിളക്കമാർന്ന വിജയം കൈവരിച്ച് ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് കിട്ടുന്ന പ്രത്യേക വിസയാണ് ഒ വിസ അഥവാ ഔട്ട് സ്റ്റാന്റിംഗ് പെർഫോർമർ കാറ്റഗറി വിസ.
അമേരിക്കൻ സന്ദർശന വേളയിൽ മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചർ ഇദ്ദേഹത്തെ കുറിച്ച് കേട്ടറിഞ്ഞു ഇദ്ദേഹത്തെ സന്ദർശിക്കുകയും ഈ മലയാളി കലാകാരന്റെ പഴം – പച്ചക്കറി വർഗ്ഗങ്ങളിൽ ഉള്ള കരവിരുത് നേരിട്ട് കാണുകയും പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു. സ്കൂളിൽ പഠിക്കുന്ന വേളയിൽ കാർട്ടൂൺ, ചിത്ര രചന മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ വരെ പോയി വിജയം നേടിയ സജിമോന്റെ പാതയിലൂടെ നിറക്കൂട്ടുകൾ ഒരുക്കി ചിത്ര രചനയിൽ തിളങ്ങാനാണ് മക്കളായ വിഷ്ണുവിന്റെയും, വൈഷ്ണവിന്റെയും ആഗ്രഹം. അമേരിക്കയിൽ നഴ്സയാ ഭാര്യ മായയും, മക്കളായ വിഷ്ണുവും, വൈഷ്ണവും അടങ്ങുന്നതാണ് അമേരിക്കൻ മലയാളിയായ ഈ കലാകാരന്റെ കുടുംബം.
