കോതമംഗലം: കോവിഡ് രോഗികൾ ശരീരത്തിൽ ഓക്സിജന്റെ അളവു
കുറഞ്ഞാണു പലപ്പോഴും മരണത്തിലേക്ക് എത്തപ്പെടുന്നത്. ഓക്സിജൻ സഹായം ലഭിക്കുന്ന ആശുപത്രിയിൽ എത്താൻ വൈകുന്നതാണ് പലപ്പോഴും മരണ കാരണമാകുന്നത്. കുട്ടമ്പുഴ പഞ്ചായത്തിലെ അഞ്ചു വാർഡുകളിലായി പതിനായിരത്തോളം ജനങ്ങൾ താമസിക്കുന്ന വടാട്ടുപാറയിൽ ആശുപത്രികൾ ഒന്നുമില്ല. ഇരുപതിലേറെ കിലോമീറ്റർ സഞ്ചരിച്ചു വേണം കോതമംഗലത്തെത്താൻ. തന്നെയുമല്ല കോവിഡ് രോഗികളെ എല്ലാ വാഹനങ്ങളും കയറ്റുകയുമില്ല. ഈ പ്രശ്നത്തിനു പരിഹാരമായാണ് വടാട്ടുപാറയിലെ ഇടതു മുന്നണി പ്രവർത്തകർ ഓക്സിജൻ സൗകര്യമുള്ള എമർജൻസി വാഹനം ഏർപ്പാടാക്കിയത്.
രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ സന്നദ്ധ പ്രവർത്തകരും നിരവധി വാഹനങ്ങളും തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്. താളുംകണ്ടം ആദിവാസി കോളനിയിലുപയോഗിക്കാനുള്ള വാഹനവും ഏർപ്പാടാക്കിയിട്ടുണ്ട്. ജീവൻ രക്ഷാ മരുന്നുകൾ,ഓക്സി മീറ്ററുകൾ,പി പി ഇ കിറ്റ്,കോവിഡ് രോഗികളുടെ വീട് അണു വിമുക്തമാക്കുന്നതടക്കമുള്ള സന്നദ്ധ സേനയും എൽ ഡി എഫ് നേതൃത്വത്തിൽ ക്രമീകരിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ സി പി ഐ ജില്ലാ കമ്മറ്റിയംഗം എം കെ രാമചന്ദ്രൻ,സി പി എം ലോക്കൽ സെക്രട്ടറി പി കെ പൗലോസ്,സി പി ഐ ലോക്കൽ സെക്രട്ടറി പി എ അനസ്സ്,ഉല്ലാസ് കെ രാജ്,പി ജെ ഷിബി,കെ എം വിനോദ്,സന്ധ്യാ ലാലു,സജി എ പോൾ,ബിൻസു കുര്യാക്കോസ്,എ ബി ശിവൻ,കെ എം മനേഷ്,പി ജി അനിൽകുമാർ,എൻ ആർ രജീഷ് ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.