നേര്യമംഗലം: ഊന്നുകൽ ടൗണിൽ ഇന്ന് ഉച്ചക്ക് എത്തിയ വെളുത്ത നിറമുള്ള തെരുവുനായ വ്യാപാരികളുൾപ്പെടെ ടൗണിലെത്തിയവരെ കടിച്ചു. ഊന്നുകൽ സ്വദേശി തടത്തികുടി വീട്ടിൽ തങ്കച്ചൻ, ടൗണിൽ ബാർബർ ഷോപ്പ് നടത്തുന്ന കുന്നുംപുറത്ത് വീട്ടിൽ വിജയൻ, ഊന്നുകൽ എൽ.എഫ്.സ്കൂളിനു മുന്നിലെ ഷോപ്പ് ഉടമ പൈനാപ്പിള്ളി വീട്ടിൽ ജോർജ്, കവളങ്ങാട് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിനു സമീപം താമസിക്കുന്ന ചൂരക്കുഴി തട്ടിൻ അനന്തു രതീഷ് എന്നിവരെയാണ് നായ ഓടിച്ചിട്ട് കടിച്ചത്. ഉടൻ തന്നെ ഗുരുതരമാരി കടിയേറ്റവരെ ഓട്ടോ തൊഴിലാളികൾ കോതമംഗലത്തെ സ്വകാര്യ ഹോസ്പിറ്റലിലെത്തിച്ചെങ്കിലും വിദഗ്ദ ചികിത്സക്കായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
നാട്ടുകാർ പഞ്ചായത്ത് അധികൃതരേയും ഊന്നുകൽ പോലീസിലും വിവരം ധരിപ്പിച്ചിട്ടുണ്ട്. തെരുവ് നായ അക്രമണം പരിക്കേറ്റവരുടെ ചികിത്സ ചിലവ് പഞ്ചായത്ത് വഹിക്കണമെന്ന് എച്ച്.എം.എസ്. ആവശ്യപ്പെട്ടു. കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം, ഊന്നുകൽ, തലക്കോട്,നേര്യമംഗലം പ്രദേശത്തെ ടൗണുകളിൽ തെരുവ് നായ ശല്യം രൂക്ഷമാണ്.ഇത് സംബന്ധിച്ച് നാട്ടുകാരുടെ നിരവധി പരാതികൾ നിലനിൽക്കുന്നുണ്ട്. പലപ്പോഴും വിദ്യാർത്ഥികളുൾപ്പെടെയുള്ളവർ ബസ്റ്റോപ്പിൽ കാത്ത് നിൽക്കുന്നത് പോലും ഭയന്ന് വിറച്ചാണ്. തെരുവ് നായ അക്രമണം ഒറ്റപ്പെട്ട സംഭവമല്ല, എത്രയും പെട്ടെന്ന് തെരു നായ്ക്കളെ പിടിച്ച് ജനങ്ങൾക്ക് ഭയമില്ലാതെ സഞ്ചരിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് എച്ച്.എം.എസ്. സംസ്ഥാന വൈസ് പ്രസിഡൻ്റ് മനോജ് ഗോപി അധികാരികളോട് ആവശ്യപ്പെട്ടു.