Connect with us

Hi, what are you looking for?

EDITORS CHOICE

‘കൊറോണ പരീത്’ ; കൊറോണയിലൂടെ ജീവിതവിജയം കൈവരിച്ച കോതമംഗലം സ്വദേശി

  • സലാം കാവാട്ട്

കോതമംഗലം: ജനകോടികൾ ഞെട്ടിവിറയ്ക്കുന്ന കൊറോണ എന്ന ഒരൊറ്റ പേരിൽ ജീവിത വിജയമുണ്ടാക്കിയ ഒരാൾ അതിജീവനത്തിന്റെ പ്രതീക്ഷപകർന്ന് ഇവിടെ നമുക്കിടയിലുണ്ട്.
ചെറുവട്ടൂരിനടുത്ത് ബീവിപ്പടിയിലാണ് ആരും കിടുകിടാവിറച്ചു പോകുന്ന ഭയാനകമായ കൊറോണ എന്ന ആ സവിശേഷ നാമത്തിന് കീഴിൽ ജീവിത വിജയം വെട്ടിപ്പിടിച്ചെത്തിയ പരീത് എന്നവസ്ത്രവ്യാപാരി വേറിട്ട കാഴ്ചയായിരിക്കുന്നത്. കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി പഞ്ചായത്തും മൂവ്വാറ്റുപുഴയിലെ പായിപ്ര പഞ്ചായത്തും അതിരിടുന്ന ബീവിപ്പടിയിൽ കയറ്റം കയറി എത്തുന്ന വാഹന യാത്രികർ റോഡിന്റെ പാർശ്വഭാഗത്തേയ്ക്ക് കണ്ണിമപായിക്കുമ്പോൾ വരവേൽക്കുന്നത് ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു ഷോപ്പിങ്ങ് കോംപ്ലക്സിലെ ബോർഡിൽ മനോഹരമായി എഴുതി വച്ചിരിക്കുന്ന ലോകജനത ഏറ്റവും കൂടുതൽ ഭയാശങ്കകളോടെ കാണുന്ന കോവിഡ് 19 രോഗത്തിന്റെ ആദ്യ നാമമായിവന്ന കൊറോണ എന്ന പേരാണ്.

പായിപ്ര കക്ഷായി പുത്തൻപുരയിൽ പരീത് എന്ന വസ്ത്രവ്യാപാരിക്ക് കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി സമൂഹം കൽപ്പിച്ചു നൽകിയ അപരനാമം കൂടിയാണ് ‘കൊറോണ പരീത് ‘ എന്ന വിളിപ്പേര്. ഇന്ന്ലോക ആരോഗ്യ സംഘടനയും ആധുനിക വൈദ്യശാസ്ത്രവും ആഗോള മാധ്യമങ്ങളും കൊറോണ എന്ന വാക്ക് പ്രചരിപ്പിക്കുന്നതിന് മുമ്പ് തയ്യൽ ജോലികളിലെ കരവിരുതിൽ പ്രശസ്തനായിരുന്ന പരീത് 1993ൽ എം.സി.റോഡിലെ പേഴയക്കാപ്പിള്ളിയിൽ പാന്റ് ഹൗസ് എന്ന തന്റെ കട നവീകരിച്ച് നടത്തിയ
പേര്മാറ്റം കൊണ്ടെത്തിച്ചത് കൊറോണ എന്ന വേറിട്ട വാക്കിലായിരുന്നു.
27 വർഷംമുമ്പ് തന്റെ ജീവിത സ്വപ്നമായി പടുത്തുയർത്തിയ വസ്ത്രവ്യാപാരശാലയ്ക്ക് കൊറോണ എന്ന പേരിടുമ്പോൾ ഇന്നത്തെ നോവൽ കൊറോണ വൈറൽ ഡിസീസ് അഥവാ കോവിഡ് 19 എന്ന മഹാമാരിയുടെ രൂപത്തിലേക്ക് അത് പരിണമിച്ച് തന്റെകടയുടെ പേരുമായികെട്ടുപിണഞ്ഞ് ഒരു കൗതുക കാഴ്ചയാകുമെന്ന് പരീത് കരുതിയിരുന്നില്ല.
എന്നാൽ, ഒരു കാര്യം ഈ വ്യാപാരി തിരിച്ചറിയുന്നുണ്ട്; ലോകവിപണിയെപ്പോലും സ്തംഭിപ്പിച്ചുകൊണ്ട് അനുദിനംപടരുന്ന കൊറോണ എന്ന ഒരൊറ്റ പേരിന് കീഴിലാണ് താൻ ഇത്രത്തോളം വളർന്നതെന്ന ജീവിത യാഥാർത്ഥ്യം.

ഒരു പക്ഷേ കൊറോണ എന്ന പേരിന് കീഴിൽ ഇരുന്ന് ലോകത്ത് ഏറ്റവും സംതൃപ്തിയും സുഖവും അനുഭവിക്കുന്ന ഒരാൾ പരീത് എന്ന ഈ അറുപത് വയസ്സുകാരനായിരിക്കും.
കൊറോണപരിത് എന്ന ഈ വ്യാപാരി നടന്നെത്തിയ നാൾവഴികളിലേയ്ക്ക് കോതമംഗലം വാർത്ത ചെന്നെത്തുകയാണ്.

പായിപ്ര പഞ്ചായത്തിലെ ജീവിത ക്ലേശങ്ങൾ ഏറെയുള്ള ഒരു വീട്ടിൽ പിറന്ന പരീത് തയ്യൽക്കാരനായിരുന്ന ജേഷ്ഠൻ മക്കാരിന്റെ ശിഷ്യനായാണ് തന്റെ ജീവിത സങ്കൽപ്പങ്ങൾ തുന്നിച്ചേർക്കാനായി ചെറുവട്ടൂർ കവലയിലെ ആദ്യത്തെ ടെക്സ്റ്റയിൽസായി (ഇപ്പോഴത്തെ ഹൽദി ഫാൻസി ഷോപ്പ് ഉടമ) കെ.എം.അലിയാർ തുടങ്ങിയ വസ്ത്രശാലയിലേക്ക് 1973ൽ എത്തുന്നത്. അന്ന് ജേഷ്ഠൻ മക്കാരിനെക്കൂടാതെ ആശാൻമാരായി ഉണ്ടായിരുന്ന മാപ്പിള കുടിയിൽ ശേഖരന്റേയും കുറ്റിലഞ്ഞി സ്വദേശിയായ ശ്രീധരന്റേയും കീഴിൽ പരീത് വളരെവേഗം തുന്നൽ പഠിച്ചെടുത്തു. ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട 1975 ൽ പായിപ്ര സൊസൈറ്റി പടിയിൽ ഒരു ചെറിയമുറി വാടകയ്ക്കെടുത്ത് പരീത് സ്വന്തമായി തയ്യൽകട ആരംഭിച്ചു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഒരു രാത്രി കടയിൽ കവർച്ച നടന്നതോടെ അവിടെ നിന്നും എം.സി.റോഡിലെ പേഴക്കാപ്പിള്ളിയിലേക്ക് സ്ഥാപനംമാറ്റാൻ പരീത് നിർബന്ധിതനായി. പാന്റ് ഹൗസ് എന്ന പേരിൽ അവിടെ റെഡിമെയ്ഡ് ഷോപ്പുകൂടിയുള്ള തയ്യൽ കടയിൽ നിന്നും തുടങ്ങിയ സംരഭയാത്രയാണ് അങ്ങനെ കൊറോണയായി പരിണമിച്ചത്.

കൊറോണ എന്നവാക്ക് സൂര്യനും ചന്ദ്രനും ചുറ്റുമുള്ളപ്രഭാവലയം എന്ന അർത്ഥം വരുന്നതായിരുന്നു. കൊറോണറി – ഹൃദയവുമായി ബന്ധപ്പെട്ടത് എന്നതും കൊറോണയ്ക്ക് ആധാരമായി. 15 ജോലിക്കാരുള്ള സ്റ്റിച്ചിങ്ങ് യൂണീറ്റും ടെക്സ്റ്റയിൽസുമെന്ന നിലയിൽ മൂവാറ്റുപുഴ മേഖലയിലെ യുവതയുടെ ഫാഷൻവസ്ത്രധാരണ സങ്കൽപ്പങ്ങളെ സ്വാധീനിച്ച പുത്തൻ ട്രെൻഡ് സെറ്ററായിട്ടായിരുന്നു കൊറോണ ബ്രാൻഡ് റെഡിമെയ്ഡ് ഷർട്ടും പാന്റും സഫാരി സ്യൂട്ടുമൊക്കെയായി പരീതിന്റെ ജൈത്രയാത്ര. കൊറോണ സാമ്പത്തിക വിജയമായി. അതോടെ അതിൽനിന്നും കിട്ടിയലാഭം റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് ബുദ്ധിപൂർവ്വം വഴിതിരിച്ചുവിട്ടു. ബിസിനസ്സിലെ വൈവിധ്യവൽക്കരണത്തിലൂടെ കൂടുതൽ നേട്ടങ്ങൾ കൊയ്തതിന്റെ ഗുണഫലമാണ് ഇന്ന് കൊറോണ എന്നപേരിൽ തന്നെ ചെറുവട്ടൂർ-പായിപ്ര റോഡിലെ ബീവിപ്പടിയിലെ സ്വന്തം ഷോപ്പിങ്ങ് കോംപ്ലക്സും പിന്നിൽ പണികഴിപ്പിച്ച് വാടകയ്ക്ക് നൽകിയിരിക്കുന്ന വില്ലകളും അതിൽ നിന്നുള്ള സംതൃപ്തി പകരുന്ന വാടക വരുമാനവും.

ലോകത്തെ പേടിപ്പിക്കുന്നകൊറോണ എന്ന രോഗപ്രതിഭാസം സമസ്ത മേഖലകളെയും പിടിച്ചുലച്ച് സർവ്വനാശം വിതയ്ക്കുകയും WHOമഹാമാരിയെന്ന് വിളംബരം ചെയ്യുകയും ഇന്ത്യാരാജ്യത്തത് ദേശീയ ദുരന്തമായി സർക്കാർ പ്രഖ്യാപിക്കുകയും കേരളത്തിന്റെ കോവിഡ് വിരുദ്ധ പ്രതിരോധ പ്രവർത്തനങ്ങൾ ലോക മാതൃകയായി വാഴ്ത്തപ്പെടുകയും ചെയ്യുമ്പോൾ ചെറുവട്ടൂർ ബീവിപ്പടിയിലെ കൊറോണയിലിരുന്ന് പരീത് എന്ന അറുപത് വയസ്സുകാരൻ ചെറുപുഞ്ചിരിയോടെയും നിറഞ്ഞസന്തോഷത്തോടെയും അവിടെ എത്തുന്നവരെ വരവേൽക്കുകയാണ്.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...

error: Content is protected !!