കോതമംഗലം : സർക്കാർ ഓഫീസിൽ കൂട്ട അവധിയിൽ വലഞ്ഞ് ജനങ്ങൾ. കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസിലേയും വില്ലേജ് ഓഫീസിലേയും ജീവനക്കാർ കൂട്ട അവധിയെടുത്തതോടെയാണ് ജനങ്ങൾ വലഞ്ഞത്. ജീവനക്കാരുടെ കൂട്ട അവധി ഓഫിസ് പ്രവർത്തനങ്ങൾ താളം തെറ്റിച്ചതായി പരാതിയിൽ പറയുന്നു. താലൂക്ക് റവന്യൂ ഉദ്യോഗസ്ഥൻ്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു ജീവനക്കാർ അവധിയെടുത്തത്.
താലൂക്ക് ഓഫീസിൽ മതിയായ ഉദ്യോഗസ്ഥരില്ലാതിരുന്നത് ഇന്നലെ ആവശ്യങ്ങൾക്കായെത്തിയ ആളുകൾ നിരാശയോടെ മടങ്ങുന്നതിന് കാരണമായി. 71 ജീവനക്കാരുള്ള താലൂക്ക് ഓഫീസിൽ നിന്ന് 35 ൽ പരം ജീവനക്കാരാണ് വിവാഹത്തിൽ പങ്കെടുക്കാനായി അവധിയെടുത്തത്. കൂടാതെ അഞ്ച് ജീവനക്കാരുടെ കുറവും ഓഫീസിലുണ്ടായിരുന്നു. ആകെ 27 പേരാണ് താലൂക്ക് ഓഫീസിൽ ഹാജരായത്.
കൂടാതെ കളക്ടറുടെ അനുമതിയോടെയാണ് ജീവനക്കാർ അവധിയെടുത്തതെന്നും തഹസിൽദാർ റേച്ചൽ കെ വർഗീസ് വിശദീകരിച്ചു. ഒപ്പം ഓഫീസ് സേവനങ്ങൾക്ക് തടസ്സം വരാത്ത രീതിയിൽ ക്രമീകരണം ഏർപ്പെടുത്തിയിരുന്നതായും തഹസിൽദാർ പറഞ്ഞു. എന്നാൽ ഇത്രയധികം ജീവനക്കാർ കൂട്ട അവധിയെടുത്തത് വിവാദത്തിന് വഴിവെച്ചു. കൂട്ട അവധിയെടുത്തതിന് ഉദ്യോഗസ്ഥരോട് മേലുദ്യോഗസ്ഥൻ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.