കോതമംഗലം : കോതമംഗലം മുനിസിപ്പാലിറ്റിയെയും നെല്ലിക്കുഴി പിണ്ടിമന എന്നീ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന താലൂക്കിലെ പ്രധാന റോഡ് ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി സെൻട്രൽ റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ നിന്നും 16 കോടി രൂപ അനുവദിച്ചുകൊണ്ട് ഗ്രാമീണ റോഡുകളുടെ വികസനത്തിനും, ഗതാഗതം കൂടുതൽ മെച്ചപ്പെടുത്തുന്ന പദ്ധതികളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ പ്രവർത്തനങ്ങൾ മാതൃകപരമാണ്.
തങ്കളം – തൃക്കാരിയൂർ – പിണ്ടിമന – വേട്ടാമ്പാറ റോഡിന്റെ പല ഭാഗങ്ങളും കുണ്ടും കുഴിയുമായി കിടക്കുകയാണ്.പൊതുമരാമത്ത് വകുപ്പിന് പരാതികൾ കൊടുത്ത് ജനം വലഞ്ഞിരിക്കുകയാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബിജെപിയും നാട്ടുകാരും സഹിതം പല തവണ സമരത്തിനിറങ്ങുകയും നിവേദനങ്ങൾ നൽകുകയും ചെയ്തിരുന്നു . എന്നിട്ടും പൊതുമരാമത് വകുപ്പ് തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്. ഈ അവസരത്തിൽ പ്രസ്തുത റോഡിന് പ്രത്യേക പരിഗണന നൽകി കേന്ദ്ര ഫണ്ട് അനുവദിച്ചത് ജനങ്ങൾക്ക് ആശ്വാസകരമായിരിക്കുകയാണ്. 12 കിലോമീറ്റർ റോഡ് ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വേണ്ടി 16 കോടി രൂപയാണ് ലഭ്യമാകുന്നത്.എം എൽ എ യും, എം പി യും ഈ കേന്ദ്ര ഫണ്ടിന്റെ അവകാശ വാദവുമായി പരസ്പരം പോരടിക്കാതെ നാടിന്റെ വികസനത്തിന് വേണ്ടി ഒരുമിച്ച് നിൽക്കുകയാണ് വേണ്ടതെന്നും ജയകുമാർ പറഞ്ഞു.
ഒരു കിലോമീറ്ററിന് ഒന്നേകാൽ കോടി രൂപയിലേറെ ലഭിക്കുന്നു. അതുകൊണ്ട് പതിവ് പോലെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് എന്തെങ്കിക്കും തട്ടി കൂട്ട് പണികൾ ചെയ്ത് റോഡ് നിർമ്മിച്ച് പോകാതെ റോഡുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തങ്ങളും കൃത്യമായി സോഷ്യൽ ഓഡിറ്റിന് വിധേയമാക്കി വേണം മുന്നോട്ട് പോകുവാനെന്നും ബിജെപി ആവശ്യപ്പെട്ടു. ഫണ്ട് അനുവദിച്ച കേന്ദ്ര സർക്കാരിനും വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്കും ബിജെപി മണ്ഡലം കമ്മിറ്റി അഭിനന്ദനങ്ങൾ അർപ്പിച്ചു.