കോതമംഗലം : കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിനുള്ള വിപ്ലവകരമായ തീരുമാനമെടുക്കുന്നതിന് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിക്കും ഉമ്മൻചാണ്ടിക്കും പ്രൊഫ. എം.പി.വർഗീസിന്റെ നിർണ്ണായക സ്വാധീനം ഉണ്ടായത് വിസ്മരിക്കാനാകില്ലായെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി.
കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷൻ സ്ഥാപക സെക്രട്ടറി പ്രൊഫ. എം.പി വർഗീസിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തും, അദ്ദേഹത്തിന്റെ സ്മരണക്കായി ഇന്ത്യൻ തപാൽ വകുപ്പ് പുറത്തിറക്കിയ പ്രത്യേക കവർ പ്രകാശനം ചെയ്തും പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന പുരോഗതി നാടിന്റെ വികസനത്തിന് നിർണ്ണായകമാണെന്ന് തിരിച്ചറിഞ്ഞ മഹത് വ്യക്തിയായിരുന്നു പ്രൊഫ. എം.പി വർഗീസ് എന്ന് ഡീൻ അഭിപ്രായപ്പെട്ടു. മാർ അത്തനേഷ്യസ് സ്കൂൾ, ആർട്സ്, എഞ്ചിനീയറിംഗ് കോളേജുകളിലൂടെ വിദ്യാഭ്യാസം നേടിയവർ ലോകവ്യാപകമായി സമൂഹത്തിനുണ്ടാക്കിയ പുരോഗതിയെക്കുറിച്ച് ചർച്ചചെയ്യുമ്പോഴാണ് പ്രൊഫ. എം.പി വർഗീസ് വിവിധ മേഖലകളിൽ നൽകിയ സംഭാവനകൾ നാം തിരിച്ചറിയുന്നതെന്ന് എം.പി ചൂണ്ടിക്കാട്ടി. ജനസാന്ദ്രതയേറിയ കോതമംഗലത്ത് ആണവ നിലയം സ്ഥാപിക്കുന്നതിന് നീക്കം ഉണ്ടായപ്പോൾ അതിനെ പ്രതിരോധിക്കുവാനും കർഷകരുടെ അവകാശങ്ങൾക്കുവേണ്ടി മുൻനിരയിൽ നിന്ന് പോരാടുകയും ചെയ്ത പ്രൊഫ. എം.പി വർഗീസ് എക്കാലവും സ്മരിക്കപ്പെടുന്ന വ്യക്തിത്വമാണെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
2023 -2024 സാമ്പത്തിക വർഷത്തിൽ തപാൽ വകുപ്പ് വ്യക്തിഗത പ്രത്യേക കവർ ജില്ലയിൽ ആദ്യമായി പുറത്തിറക്കിയത് പ്രൊഫ. എം.പി വർഗീസിന്റെ പേരിലാണ്. കേരളത്തിൽ 9-ാമത്തേതും.
സമ്മേളനത്തിൽ മാർ അത്തനേഷ്യസ് അസോസ്സിയേഷൻ ചെയർമാൻ ഡോ. മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. മാർ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, ആന്റണി ജോൺ എം.എൽ.എ, തപാൽ വകുപ്പ് മധ്യമേഖലാ ഡയറക്ടർ കെ.കെ. ഡേവിസ്, പ്രൊഫ. എം.കെ ബാബു, ഡോ. ജെ. ഐസക്ക്, പ്രിൻസിപ്പൽമാരായ ഡോ. ബോസ് മാത്യു ജോസ്, ഡോ. മഞ്ജു കുര്യൻ എന്നിവർ പ്രസംഗിച്ചു.
 
						
									

 

























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				