കോതമംഗലം : നാട്ടാന പരിപാലന നിയമപ്രകാരം മതിയായ രേഖകളില്ലാതെ
ലോറിയിൽ കയറ്റി കൊണ്ടു പോയതിനെ തുടർന്ന് ആനയെയും വാഹനവും തലക്കോട് വച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ തടഞ്ഞു കസ്റ്റടിയിലെടുത്തു. പെരുമ്പാവൂരിൽ നിന്ന് ആവശ്യമായ രേഖകൾ ഇല്ലാതെ മൂന്നാറിലേക്ക് കൊണ്ടു പോകുന്നതിന് ആനയെ കയറ്റിവന്ന വാഹനം തലക്കോട് ചെക്ക് പോസ്റ്റിൽ വന പാലകർ കൈ കാണിച്ചിട്ടും നിർത്താതെ പോവുകയായിരുന്നു. തുടർന്ന് വനപാലകർ വാഹനത്തെ പിന്തുടർന്ന് നേര്യമംഗലത്തിനു സമീപം വില്ലാഞ്ചിറയിൽ വച്ച് തടഞ്ഞ് തിരികെ ചെക്ക് പോസ്റ്റിൽ എത്തിച്ച് പരിശോധന നടത്തുകയായിരുന്നു.
രാജ ലക്ഷ്മിയെന്ന 65 വയസുള്ള പിടിയാനയെ ലോറിയിൽ നിന്ന് താഴെയിറക്കി വെള്ളവും, ഭക്ഷണവും പാനപാലകർ നൽകി. ആനയെ കയറ്റിവന്ന വാഹനത്തിന് വനം വകുപ്പിൻ്റെ പെർമിറ്റ് കാലാവധി കഴിഞ്ഞെന്നും ആനയെ ലോറിയിൽ കയറ്റി യാത്ര ചെയ്യിപ്പിക്കുന്നതിനുള്ള രേഖകൾ ഇല്ലെന്നും ആനക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാ എന്ന് കണ്ടെത്തിയതിനെ തുടർന്ന് വാഹനവും ആനയേയും കസ്റ്റഡിയിലെടുത്തതെന്ന് തലക്കോട് ബീറ്റ്ഫോറസ്റ്റ് ഓഫീസർ അനിത്ത് പറഞ്ഞു. പിടികൂടിയ വാഹനവും ആനയും പെരുമ്പാവൂർ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന് കൈമാറി. തുടർന്ന് നാട്ടാന പരിപാലന നിയമപ്രകാരം ആനയുടെ ഉടമക്കെതിരെ കേസെടുത്തു. ഫിറ്റ്നസ് ഇല്ലാത്ത വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തിതിട്ടുണ്ട്.