മുവാറ്റുപുഴ : കോതമംഗലത്തുനിന്നും പിടികൂടിയ റിമാന്‍ഡ് തടവുകാരന്‍ മൂവാറ്റുപുഴ സബ് ജയിലില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. കോതമംഗലത്തെ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് കവര്‍ച്ച നടത്തുന്നതിനിടയിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്. പുലര്‍ച്ചേ ഹൈറേഞ്ച് ജങ്‌ഷനു സമീപം കപ്പലണ്ടി കച്ചവടം നടത്തിവന്ന തമിഴ്‌നാട് സ്വദേശിയുടെ 3000 രൂപ കവര്‍ന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. പിടികൂടുന്ന സമയത്തും പോലീസിനെ ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. മോഷണക്കേസില്‍ അറസ്‌റ്റിലായ പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഷാജഹാനാ(38) ണ് ജയില്‍ വാര്‍ഡര്‍മാരായ ടി.എം. അന്‍സാര്‍, പി.ബി. ജലീല്‍, വാളറ സി.ആര്‍. ബിനു എന്നിവരെയാണ് ആക്രമിച്ചത്.
ഇഷ്‌ടികകൊണ്ടുള്ള ആക്രമണത്തില്‍ പരുക്കേറ്റ ഇവരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടവുകാരെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സെല്ലിന് പുറത്തിറക്കിയപ്പോഴായിരുന്നു സംഭവം. കുളിക്കുന്നതിനു മുന്‍പ് തലയില്‍ തേയ്‌ക്കുന്നതിനായി നല്‍കിയ വെളിച്ചെണ്ണ തട്ടിത്തെറിപ്പിച്ചത് ചോദ്യം ചെയ്‌തതാണ് ഷാജഹാനെ പ്രകോപിപ്പിച്ചത്. മറ്റു തടവുകാരുടെ സാന്നിധ്യത്തില്‍ ഇയാള്‍ വാര്‍ഡര്‍മാരോട് കയര്‍ത്ത് സംസാരിക്കുകയും രണ്ടുപേരെ കടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്‌തു. തുടര്‍ന്ന് ജയില്‍വളപ്പിലെ ഇഷ്‌ടിക ഉപയോഗിച്ച് വാര്‍ഡര്‍മാരെ എറിയുകയായിരുന്നു. കൂടുതല്‍ വാര്‍ഡര്‍മാരെത്തി ഇയാളെ കീഴടക്കി സെല്ലില്‍ അടച്ചു. പിന്നീട് ജയില്‍ ഡി.ജി.പിയെ വിവരം അറിയിക്കുകയും ഡി.ജി.പിയുടെ ഉത്തരവിനെത്തുടര്‍ന്ന് പ്രതിയെ വിയൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്‌തു. വാര്‍ഡര്‍മാരെ ആക്രമിച്ചത് സംബന്ധിച്ച് ഷാജഹാനെതിരേ മൂവാറ്റുപുഴ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്തു.
You must be logged in to post a comment Login