കോതമംഗലം : ഇന്നലെ വൈകിട്ട് മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ കോതമംഗലം മേഖലയിൽ കനത്ത നാശം വിതച്ചു. നിരവധി വീടുകളുടെ മേൽക്കൂരകൾ മരം വീണു തകർന്നു. നിരവധി റബ്ബർ, തേക്ക്, പ്ലാവ് മരങ്ങൾ കടപുഴകി വീണു.നാടുകാണി പെരുമണ്ണൂരിൽ കൊരട്ടിക്കുടിയിൽ ജലജ യുടെ വീടിന്റെ മുകളിൽ പ്ലാവ്, കമുക് എന്നിവ ഒടിഞ്ഞു വീണു വീട് തകർന്നു. കോതമംഗലത്തു നിന്ന് അഗ്‌നിരക്ഷ സേന എത്തി സ്റ്റേഷൻ ഓഫീസർ ടി. പി. കരുണാകരപിള്ളയുടെ നേതൃത്വത്തിൽ രക്ഷ പ്രവർത്തനം നടത്തി. കോതമംഗലം പ്രദേശത്തെ വിവിധ ഇടങ്ങളിൽ മരം ഒടിഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടത് അഗ്നി രക്ഷ സേന നീക്കം ചെയ്തു വരുന്നു. പലയിടങ്ങളിലും വൈദ്യുതി കമ്പികളും മരം വീണു പൊട്ടി കിടക്കുകയാണ്. അവയെല്ലാം കെ എസ് ഇ ബി ജീവനക്കാർ നന്നാക്കുന്നുമുണ്ട്.
