കോതമംഗലം: കീരംപാറ പഞ്ചായത്തിലെ രണ്ട്,പതിമൂന്ന് വാർഡുകളിൽ കൂടി കടന്നു പോകുന്ന കരിയിലപ്പാറ-കളമ്പാട്ടുകുടി-പള്ളിമുക്ക് റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 11 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.കീരംപാറ പഞ്ചായത്തിലെ അതിപുരാതനമായ റോഡാണ് ഇത്. ശ്രദ്ധിക്കപ്പെടാതെ അവഗണിക്കപ്പെട്ട് കിടന്നിരുന്ന പ്രസ്തുത റോഡിന്റെ നവീകരണത്തോടെ പ്രദേശവാസികളായ ഇരുന്നൂറോളം കുടുംബങ്ങൾക്കാണ് പ്രയോജനം ലഭിക്കുന്നത്. ചേലാടൻ കോളനി – കൃഷ്ണപുരം കോളനി എന്നീ രണ്ട് കോളനികളുടെ മധ്യത്തിലൂടെ കടന്നു പോകുന്ന റോഡ് കോളനി നിവാസികൾക്കും,പ്രദേശവാസികൾക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്നതാണ്.
റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചതോടെ കരിയിലപ്പാറ പ്രദേശത്തുകാർക്ക് കീരംപാറ പഞ്ചായത്ത്,കൃഷിഭവൻ,പ്രാഥമികാരോഗ്യ കേന്ദ്രം, പുന്നേക്കാട് ജംഗ്ഷൻ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിന് സാധിക്കുമെന്നും വർഷങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യമാണ് ഇപ്പോൾ സാക്ഷാത്കരിക്കപ്പെട്ടതെന്നും എംഎൽഎ പറഞ്ഞു. ചടങ്ങിൽ വാർഡ് മെമ്പർമാരായ സാബു വർഗീസ്,ജെസ്സി ജോസ്,സി പി ഐ എം ലോക്കൽ സെക്രട്ടറി ഇ പി രഘു,കെ എ കുര്യാക്കോസ്,കെ കെ എൽദോസ്,ജിജോ ആന്റണി,എം എസ് ശശി,മനു മാത്യൂ,അർജുൻ പി എസ് എന്നിവർ പങ്കെടുത്തു.