നെല്ലിമറ്റം: കവളങ്ങാട് പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ നെല്ലിമറ്റം കോട്ടപാടം പ്രദേശത്തെ ഇരുനൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാതായിട്ട് രണ്ടാഴ്ചയായി. താരതമ്യേന ഉയർന്ന പ്രദേശമായ കോട്ടപാടത്ത് കുടിവെള്ളത്തിനായി ഏക മാർഗ്ഗം കുട്ടമംഗലം ശുദ്ധജല പദ്ധതിയിലെ ആവോലിച്ചാൽ പദ്ധതിയിൽ നിന്നും പമ്പ് ചെയ്ത് ലഭ്യമാകുന്ന പൈപ്പ് വെള്ളം മാത്രമാണ്. പഞ്ചായത്തിൽ പരാതി പറഞ്ഞ് മടുത്തു. വാട്ടർ അതോറിറ്റി അധികൃതർ ഫോൺ പോലും എടുക്കുന്നില്ല. കുടിവെള്ളം വേണമെന്ന് വച്ചാൽ ഒരു കിലോമീറ്റർ അകലെ കണ്ണാടിക്കോടോ മറ്റോ പോയി റോഡിലൂടെ തലച്ചുമടായി കൊണ്ട് വരണം. അതാകട്ടെ കൊറോണ വൈറസിനെ പേടിച്ച് പോലീസ് ഉള്ളതിനാലും റോഡിലിറങ്ങാനും കഴിയില്ല. അവസാനം പ്രദേശവാസികളുടെ നേതൃത്വത്തിൽ ജനകീയ പ്രതിക്ഷേധം നടത്തിയത്.
അപൂർവ്വം ചില സമയത്ത് വെള്ളം പമ്പ് ചെയ്താൽ താഴ്ന്ന പ്രദേശത്തുള്ള ചില സാമ്പത്തികമായി ഉന്നത നിലവാരത്തിൽ ജീവിക്കുന്നവരിൽ ചിലർ കിണറ്റിലേക്കും പറമ്പ് നനക്കുന്നതിനും വാട്ടർ അതോറിറ്റി വെള്ളം തുറന്ന് വിട്ട് ദുർവിനിയോഗം ചെയ്യുന്നത് മൂലം ഈ പ്രദേശത്തേക്ക് വെള്ളം തീർത്തും കിട്ടാത്ത അവസ്ഥയുമുണ്ടെന്ന് സമരക്കാർ പറയുന്നു. പ്രതിഷേധ സമരം ജനതാദൾ (എൽ.ജെ.ഡി ) സംസ്ഥാന സമിതി അംഗം മനോജ് ഗോപി , ജനതാദൾ (എൽ.ജെ.ഡി ) മേഖലാ പ്രസിഡന്റ് പി.എൻ.ഗംഗാധരൻ, അസ്സീസ് ടി.വി, ജയ ചെല്ലപ്പൻ, സുമതി ഗംഗാധരൻ, എം വി .ശശി,സതീഷ് ചന്ദ്രൻ ,ഓമനകുമാരൻ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
https://www.facebook.com/kothamangalamvartha/videos/143339307109622/
ആളുകൾ കൂട്ടം കൂടരുതെന്ന സർക്കാർ നിർദ്ദേശം പാലിച്ച് കുടിവെള്ളം ലഭ്യമല്ലാത്ത പ്രദേശത്തെ നിരവധി കുടുംബങ്ങളെ പങ്കെടുപ്പിക്കാതെ നടത്തിയ പ്രതിഷേധമായിരുന്നു സംഘടിപ്പിച്ചത് .എത്രയും പെട്ടെന്ന് പ്രദേശത്ത് കുടിവെള്ളമെത്തിക്കാൻ അധികാരികൾ തയ്യാറാകണമെന്ന് മനോജ് ഗോപി പറഞ്ഞു.