കോതമംഗലം : ഗ്രാമീണ ഭവനങ്ങളിൽ പൈപ്പിലൂടെ ശുദ്ധജലമെത്തിക്കുന്ന “ജല ജീവൻ ” പദ്ധതിയുടെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി,കവളങ്ങാട് പഞ്ചായത്തുകളിലായി 72 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.നെല്ലിക്കുഴി പഞ്ചായത്തിൽ പുതുതായി 8323 കണക്ഷനുകൾ നല്കും.ഇതിന്റെ ഭാഗമായി 120 കി മി നീളത്തിൽ പൈപ്പ് ലൈൻ വലിക്കും.90 mm മുതൽ 300 mm വരെ വ്യാസമുള്ള GI,DI,PVC പൈപ്പുകളാണ് സ്ഥാപിക്കുന്നത്. കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതോടൊപ്പം ആവശ്യമായ സ്ഥലങ്ങളിലെല്ലാം പുതിയ പൈപ്പ് ലൈനുകളും സ്ഥാപിക്കും.പദ്ധതിയുടെ ഭാഗമായി കുടിവെള്ളം സുഗമമായി എത്തിക്കുന്നതിന് കോഴിപ്പിള്ളിയിൽ പുതിയ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും. കീരംപാറ കാളകടവിൽ പുതുതായി നിർമ്മിക്കുന്ന കിണറിൽ നിന്നും വെള്ളം കോഴിപ്പിള്ളിയിൽ സ്ഥാപിക്കുന്ന ട്രീറ്റ് മെന്റ് പ്ലാന്റിൽ എത്തിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
കവളങ്ങാട് പഞ്ചായത്തിൽ പുതുതായി 4287 കണകഷനുകളാണ് നല്കുന്നത്.വില്ലാഞ്ചിറയിൽ 1.5 ലക്ഷത്തിന്റേയും,കൊട്ടാര മുടിയിൽ 2.5 ലക്ഷത്തിന്റേയും പുതിയ ടാങ്കുകൾ സ്ഥാപിക്കും.80 km നീളത്തിൽ 90 mm മുതൽ 300 mm വ്യാസമുള്ള GI,DI,PVC പൈപ്പുകളാണ് ഇവിടെയും സ്ഥാപിക്കുന്നത്.കാലപഴക്കം ചെന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതോടൊപ്പം പുതിയ പൈപ്പുകൾ സ്ഥാപിച്ചുമാണ് പദ്ധതി നടപ്പിലാക്കുന്നത്.നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.പദ്ധതി പൂർത്തിയാകുന്നതോടെ നെല്ലിക്കുഴി,കവളങ്ങാട് പഞ്ചായത്തുകളിൽ 100 % കുടിവെള്ള കണക്ഷനുകൾ ലഭ്യമാകുമെന്നും എം എൽ എ അറിയിച്ചു.