കോതമംഗലം : ഭൂതത്താന്‍കെട്ടില്‍ വനഭൂമികളെ ബന്ധിപ്പിച്ച് അനധികൃതമായി നിര്‍മ്മിച്ച ബണ്ട് പൊളിച്ചു. ജില്ലാ കളക്ടര്‍ എസ് സുഹാസിന്‍റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപടികള്‍ ഇന്ന് പുനരാരംഭിച്ചത്. സമീപവാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ബണ്ട് പൊളിക്കല്‍ തത്കാലത്തേക്ക് നിര്‍ത്തിവച്ചിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് ബണ്ട് പൊളിക്കുന്നത് നിര്‍ത്തിവെക്കാന്‍ ജലസേചന വകുപ്പ് ചീഫ് എൻജിനീയര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. താമസസ്ഥലത്തേക്ക് വഴി ഇല്ലാതാകുമെന്ന് പറഞ്ഞായിരുന്നു സമീപവാസികള്‍ ബണ്ട് പൊളിക്കല്‍ നടപടികള്‍ തടഞ്ഞത്. പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പടെയുള്ള പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. തുടര്‍ന്ന് എംഎല്‍എ വിഷയത്തില്‍ ഇടപെടുകയായിരുന്നു. കൂടുതൽ ചർച്ച നടത്തിയ ശേഷം നടപടി എടുത്താൽ മതി എന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
കോതമംഗലം ഡി.എഫ്.ഒ എസ്.ഉണ്ണിക്കൃഷ്ണൻ, പെരിയാർവാലി എ.എക്‌സി ബേസിൽ പോൾ, തഹസിൽദാർ റെയ്ച്ചൽ കെ.വർഗീസ്, കോതമംഗലം സിഐ ടി.എ.യൂനുസ് എന്നിവരുമായി തട്ടേക്കാട് ഐ.ബി യിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പൊളിച്ചുനീക്കൽ വേഗത്തിലാക്കാൻ കളക്ടർ നിർദ്ദേശിച്ചത്. വനത്തിനുളളിൽ ഏക്കറുകണക്കിന് ഭൂമിയുളള കോതമംഗലത്തെ ഒരു വൈദികനും റിസോർട്ടുടമയും അടക്കമുളളവരെത്തിയാണ് ബണ്ട് പണിയിച്ചതെന്നാണ് വനം വകുപ്പു ഉദ്യോഗസ്ഥരും പെരിയാർ വാലി കനാൽ ഉദ്യോഗസ്ഥരും എല്ലാത്തിനുമൊടുവിൽ ഇപ്പോൾ സമ്മതിക്കുന്നത്. ബണ്ട് അവസാനിക്കുന്ന ഭാഗത്താണ് വനഭൂമിയിലൂടെയുളള വർഷങ്ങളായുളള കൈവഴി. ഇതിലൂടെ ഒരുകിലേ മീറ്ററിലധികം പോയാൽ പട്ടയഭൂമിയിലെത്താം.
അനധികൃത നിർമ്മാണം സംബന്ധിച്ച് വാർത്ത പുറത്ത് വന്നതോടെ കളക്ടർ സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ തഹസിൽദാറിനോട് ആവശ്യപ്പെട്ടിരുന്നു. മാനുഷിക നീക്കം നിർത്തി മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മാറ്റണം, മണ്ണ് നീക്കം ചെയ്യുന്നതിന് ഉദ്യോഗസ്ഥർക്കും മറ്റും മതിയായ പൊലീസ് സംരക്ഷണം ഒരുക്കണമെന്നും പറഞ്ഞിരുന്നു. മണ്ണു നീക്കുന്നതിനായി ജെ സി ബി സ്ഥലത്തെത്തിയിരുന്നെങ്കിലും , ജെസിബിയുടെ പ്രവർത്തനം തടസ്സപ്പെടുത്തി. പൊലീസ് ഇവരെ ബലപ്രയോഗത്തിലൂടെ നീക്കിയത്. കളക്ടർ സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് വച്ചവർക്കെതിരെ കേസ് എടുക്കുവാനും കളക്ടർ നിർദ്ദേശിച്ചു.
You must be logged in to post a comment Login