മൂവാറ്റുപുഴ: വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ സാധ്യതകള്‍ തുറന്ന് മൂവാറ്റുപുഴയില്‍ ഹെലികോപ്റ്റര്‍ ടൂറിസത്തിന് തുടക്കമായി. മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ചിരുന്ന ത്രിവേണി ഓണം പരിപാടിയുടെ ഭാഗമായാണ് പൊതുജനങ്ങള്‍ക്കായി ഹെലികോപ്റ്റര്‍ യാത്രയ്ക്ക് അവസരം ഒരുക്കിയത്. മൂവാറ്റുപുഴയുടെ പ്രകൃതി സൗന്ദര്യവും നഗരത്തിന്റെയും സമീപ പ്രദേശങ്ങളുടെയും കാഴ്ചകളും ആകാശദൃശ്യമായി ആസ്വദിക്കാനുള്ള അവസരമാണ് പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് ലഭിച്ചത്. സാധാരണക്കാര്‍ക്കും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ വ്യത്യസ്തമായൊരു വിനോദാനുഭവം സമ്മാനിക്കുന്ന രീതിയിലാണ് ഹെലികോപ്റ്റര്‍ യാത്രയ്ക്കുള്ള സൗകര്യം ഒരുക്കിയത്.ഹെലികോപ്റ്റര്‍ ടൂറിസം പദ്ധതിയുടെ ഫ്ലാഗ് ഓഫ് മാത്യു കുഴല്നാടന് എംഎല്‍എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ജോയിസ് മേരി ആന്റണി അധ്യക്ഷത വഹിച്ചു.ഡീന്‍ കുര്യക്കോസ് എംപി മുഖ്യാഅതിഥി ആയിരുന്നു.
ഓണാഘോഷത്തോടൊപ്പം മൂവാറ്റുപുഴയുടെ വിനോദസഞ്ചാര സാധ്യതകള്‍ കൂടി പരിചയപ്പെടുത്തുന്നതിനുള്ള ശ്രമം കൂടിയാണ് ഹെലികോപ്റ്റര്‍ ടൂറിസത്തിലൂടെ നഗരസഭ ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി പറഞ്ഞു.മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂടുതല്‍ ജനകീയമാക്കുന്നതിനും പുതിയ ടൂറിസം സാധ്യതകള്‍ കണ്ടെത്തുന്നതിനും ഇത്തരം പദ്ധതികള്‍ സഹായകരമാകുമെന്നാണ് നഗരസഭയുടെ വിലയിരുത്തല്‍. നഗരത്തിന്റെ ടൂറിസം മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്കുന്ന പദ്ധതിയായി ഹെലികോപ്റ്റര്‍ ടൂറിസത്തിന്റെ തുടക്കം മാറുമെന്ന പ്രതീക്ഷയിലാണ് നഗരസഭ. ചടങ്ങില്‍ നഗരസഭ വൈസ് ചെയര്മാന് പി.എം അബ്ദുല്‍ സലാം, പി.പി എല്‍ദോസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അസം ബീഗം, രജിത പി,ജിനു ആന്റണി, ഷഹന മാഹിന്‍ എന്നിവര്‍ പങ്കെടുത്തു



















































