കോതമംഗലം: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് എത്തിയതോടെ പ്രചാരണം ചൂടുപിടിക്കുകയാണ്. പര്യടനം അവസാനിച്ചതോടെ സ്ഥാനാര്‍ത്ഥികള്‍ പരമാവധി വോട്ടര്‍മാരെ നേരിട്ട് കാണാന്‍ കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കുകയാണ്. ഇതിന് പുറമേ സാമൂഹികമാധ്യമങ്ങളെയും പരമാവധി പ്രയോജനപ്പെടുത്തുന്നു. തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന ഞായറാഴ്ചയും ഈസ്റ്റര്‍ അവധിയും പരമാവധി പ്രയോജനപ്പെടുത്തി. പ്രവര്‍ത്തകര്‍ പുലര്‍ച്ചെ മുതല്‍ വീടുകയറ്റത്തിലായിരുന്നു. പ്രചാരണം അവസാനിക്കാന്‍ രണ്ടുദിവസം മാത്രം അവശേഷിച്ചിരിക്കെ, സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും നേതാക്കളും വോട്ടപ്പാച്ചിലിലാണ്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറം ഈസ്റ്റര്‍ ദിനത്തിലും കുടുംബത്തോടൊപ്പം വെളിയേല്‍ച്ചാല്‍ സെയ്ന്റ് ജോസഫ് ഫൊറോന പള്ളിയില്‍ എത്തി ഈസ്റ്റര്‍ കുര്‍ബാനയില്‍ പങ്കെടുത്തു. തുടര്‍ന്ന് വോട്ടര്‍മാരെ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട് വോട്ട് അഭ്യര്‍ഥിച്ചു. വൈകീട്ട് കുടുംബസംഗമങ്ങളില്‍ സജീവമായി പങ്കെടുത്ത് പ്രചാരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍മാരെ നേരിട്ടുകണ്ടത് പ്രവര്‍ത്തനത്തിന് കൂടുതല്‍ ആവേശം പകര്‍ന്നു.
ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്റുദ്ദീന്റെ നേതൃത്വത്തില്‍ നെല്ലിക്കുഴിയില്‍ റോഡ്ഷോയും മറിയാ ഉമ്മന്റെ നേതൃത്വത്തില്‍ കോതമംഗലത്ത് വനിതാ റോഡ്ഷോയും തിങ്കളാഴ്ച നടക്കും. അസ്റുദ്ദീന് നയിക്കുന്ന റോഡ്ഷോ വൈകീട്ട് 6ന് ചെറുവട്ടൂരില്നിന്നും നെല്ലിക്കുഴിയിലേക്ക് നടക്കും. മറിയാ ഉമ്മന്‍ നയിക്കുന്ന റോഡ്ഷോ രാവിലെ 10ന് കെഎസ്ആര്‍ടിസി ജംഗ്ഷനില്‍നിന്നും മുനിസിപ്പല്‍ ജംഗ്ഷനിലേക്ക് നടക്കും.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ ഈസ്റ്റര്‍ ദിനത്തില്‍ ഇടവക ദേവാലയമായ കോതമംഗലം സെയ്ന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയിലെ ഈസ്റ്റര്‍ തിരുകര്‍മങ്ങളില്‍ പങ്കെടുത്ത ശേഷം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ആരാധനാലയങ്ങളും വ്യക്തികളെയും, മരണ-വിവാഹ വീടുകളും സന്ദര്‍ശിച്ചു. ഇഞ്ചത്തൊട്ടി, നേര്യമംഗലം, കവളങ്ങാട്, പുത്തന്‍കുരിശ്, മലയിന്‍കീഴ്, വാരപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളിലെത്തി നിരവധി ആളുകളെക്കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. ഇടത് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകിട്ട് 3ന് നെല്ലിമറ്റത്തുനിന്നും നെല്ലിക്കുഴിയിലേക്ക് റോഡ് ഷോ നടക്കും.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി അജി നാരായണന്റെ തിരഞ്ഞെടുപ്പ് പര്യടനം കുട്ടംപുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നടത്തി. മാമലകണ്ടത്തുനിന്നും ആരംഭിച്ച സ്വീകരണ സമ്മേളനം ബിജെപി കവളങ്ങാട് മണ്ഡലം പ്രസിഡന്റ് അരുണ്‍ നെല്ലിമറ്റം ഉദ്ഘാടനം ചെയ്തു. ബിജെപി കോതമംഗലം മണ്ഡലം പ്രസിഡന്റ് സിന്ധു പ്രവീണ്‍ അധ്യക്ഷയായി. രാത്രിയോടെ വടാട്ടുപാറ മീരാന്‍സിറ്റിയില്‍ സമാപിച്ചു.





















































