NEWS
ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ എക്സലൻസ് അവാർഡ് കരസ്ഥമാക്കി മാർ അത്തനേഷ്യസ് കോളേജ്

കോതമംഗലം : ദേശീയ തലത്തിൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടം നേടിയ കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആദരം. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ എക്സലൻസ് അവാർഡ് എം. എ. കോളേജിന് ലഭിച്ചു.ദേശീയ തലത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണ നിലവാരം വിലയിരുത്തുന്ന ‘നാക്’ അക്രഡിറ്റേഷനില്‍ (NAAC- National Assessment& Accreditation council)കേരളത്തിൽ എ ഡബിൾ പ്ലസ് (A++), എ പ്ലസ് (A+) ഗ്രേഡുകൾ നേടിയ സർവ്വകലാശാലകളെയും, കോളേജുകളെയും ആദരിക്കുന്ന ചടങ്ങിലാണ് എം. എ. കോളേജിന് പുരസ്‌കാരം ലഭിച്ചത്.
‘എക്സലൻഷ്യ 23’ എന്ന പേരിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 10ന് കാക്കനാട് രാജഗിരി വാലിയിലെ ആർഎസ് ഇടി ഓഡിറ്റോറിയത്തിൽ നടന്ന ആദരിക്കൽ ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവും, ‘നാക്’ ചെയർമാൻ പ്രൊഫ. ഭൂഷൻ പട്‌വർദ്ധനനും ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു.
നിലവിൽ എ പ്ലസ് (A+) ഗ്രേഡ് ഉള്ള എം. എ. കോളേജ്, റീ-അക്രെഡിറ്റെഷൻ നടപടികളുടെ അവസാന ഘട്ടത്തിലാണ്. റീ-അക്രെഡിറ്റേഷൻ സമയബന്ധിതമായി പുതുക്കി,ഉയർന്ന ഗ്രേഡ് നേടിയെടുക്കാനുള്ള കൂട്ടായ പ്രവർത്തനത്തിലും, തയ്യാറെടുപ്പിലുമാണ് അദ്ധ്യാപക – അനദ്ധ്യാപക ജീവനക്കാരും, വിദ്യാർത്ഥികളുമെന്ന് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസും, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യനും പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ റാങ്കിങിൽ (നാഷണൽ ഇൻസ്റ്റിറ്റൂഷനൽ റാങ്കിങ് ഫ്രെയിം വർക്ക്- എൻ.ഐ. ആർ.എഫ്.) രാജ്യ ത്തെ മികച്ച 56-ാമത്തെ കോളേജായി കോതമംഗലം മാർ അത്തനേഷ്യസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.2021ൽ 86 -മത്തെ റാങ്ക് കരസ്ഥമാക്കിയ കോളേജ് ഒരു വർഷം കൊണ്ടാണ് 56 മത്തെ റാങ്കിൽ എത്തി തിളക്കമാർന്ന നേട്ടം കൈവരിച്ചത്.ഗവേഷണം, മറ്റ് അക്കാഡമിക് പ്രവർത്തനങ്ങൾ, കലാ, കായികം,വിദ്യാർഥികൾക്ക് നൽകുന്ന പ്രോത്സാഹനങ്ങൾ, പഠന സൗകര്യങ്ങൾ എന്നിവയെല്ലാം കോളേജിന് മികച്ച നേട്ടം കൈവരിക്കാൻ കാരണമായി.16 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും 13 ബിരുദ പ്രോഗ്രാമുകളും 2 യു.ജി.സി. അംഗീകാര ബി വോക് പ്രോഗ്രാമും, ഒരു 5 വർഷ ഇന്റഗ്രേറ്റഡ് ബയോളജി കോഴ്സും, 4 ഗവേഷണ പ്രോഗ്രാമുകളും കോളേജിൽ ഉണ്ട്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രലയത്തിന്റെ കീഴിലുള്ള മഹാത്മാഗാന്ധി നാഷണൽ കൗൺസിൽ ഓഫ് റൂറൽ എഡ്യൂക്കേഷൻ, സ്വച്ഛതാ ആക്ഷൻ പ്ലാൻ എന്നിവർ ഏർപ്പെടുത്തിയ പ്രഥമ ഡിസ്ട്രിക്ട് ഗ്രീൻ ചാമ്പ്യൻ അവാർഡ് ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ ഈ സ്വയം ഭരണ കോളേജിനെ തേടിയെത്തി.കായിക മേഖലക്ക് നിരവധി ദേശീയ, അന്തർ ദേശീയ താരങ്ങളെ സംഭാവന ചെയ്യാനും ഈ കോളേജിന് കഴിഞ്ഞിട്ടുണ്ട്.
ഇംഗ്ലണ്ടിലെ ബർമിങാമിൽ നടന്ന കോമൺ വെൽത്ത് ഗെയിംസിൽ പുരുഷ ട്രിപ്പിൾ ജമ്പിൽ ചരിത്ര വിജയം സ്വന്തമാക്കി സ്വർണ്ണം നേടിയ അർജുന അവാർഡ് ജേതാവുകൂടിയായ എൽദോസ് പോൾ, വെള്ളി നേടിയ അബ്ദുള്ള അബൂബക്കർ,4×400 മീറ്റർ റിലേയിൽ പങ്കെടുത്ത മുഹമ്മദ് അജ്മൽ,ഒളിമ്പ്യൻമാരായ അനിൽഡ തോമസ് , ടി. ഗോപി , കാല്പന്ത് കളിയിലെ ദേശീയ താരങ്ങളായ മഷൂർ ഷെരിഫ് ടി, അലക്സ് സജി എന്നിവരെല്ലാം എം. എ. കോളേജിന്റെ കായിക കളരിയിൽ നിന്ന് ലോക കായിക ഭൂപട ട്രാക്കിലേക്ക് ഉദിച്ചുയർന്ന നക്ഷത്രങ്ങളാണ്.എം. ജി. യൂണിവേഴ്സിറ്റി അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും, നീന്തൽ മത്സരങ്ങളിലും, കരാട്ടെ, ക്രോസ് കൺട്രി മത്സരത്തിലുമെല്ലാം മിന്നും വിജയമാണ് കോളേജ് കരസ്ഥമാക്കിയത്. ഇപ്പോൾ എറണാകുളത്തു നടന്നു കൊണ്ടിരിക്കുന്ന എം. ജി. യൂണിവേഴ്സിറ്റി കാലോത്സവത്തിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി മുന്നേറുകയാണ് കോളേജിലെ കലാപ്രതിഭകൾ.
പഠനത്തോടൊപ്പം പച്ചക്കറി കൃഷിയിലും നൂറുമേനി വിളവാണ് കുന്നിൻപുറത്തെ ഈ കലാലയം സ്വന്തമാക്കിയത്. കോളേജിലെ ഒരേക്കർ സ്ഥലത്താണ് പച്ചക്കറി കൃഷി.കോളേജിലെ ഉദ്യാനത്തിൽ വിവിധതരം പക്ഷികളും, പറവകളും പാറി പറക്കുന്നു. ഒപ്പം തേനീച്ചകളുടെ മൂളിപാട്ടും. തേനീച്ചവളർത്തലും, അവയുടെ പരിപാലന രീതിയുമെല്ലാം വിദ്യാർത്ഥികളെ ഇവിടെ പഠിപ്പിക്കുന്നു.ദന്താപാല, കസ്തുരിമഞ്ഞൾ, മുയൽ ചെവിയൻ, കരിനൊച്ചി, പിച്ചകം, വെള്ളകൊടുവേലി തുടങ്ങി 100ൽ പരം അപൂർവ്വയിനത്തിൽപെട്ട ഔഷധ സസ്യങ്ങൾ നട്ടു പരിപാലിക്കുന്നുണ്ട് . അന്യം നിന്നു പോകുന്ന ഔഷധ സസ്യങ്ങളെ പരിപാലിക്കുന്നതിനോടൊപ്പം,അവയെ പുതുതലമുറയ്ക്ക് പരിചയപെടുത്തുകകൂടിയാണ് ഈ കലാലയം.
ചിത്രം : ദേശീയ തലത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണ നിലവാരം വിലയിരുത്തുന്ന നാക് അക്രഡിറ്റേഷനിൽ മികച്ച ഗ്രേഡ് കരസ്ഥമാക്കിയ എം. എ. കോളേജിന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ എക്സലൻസ് അവാർഡ് ഡോ. ആർ. ബിന്ദുവും, നാക് ചെയർമാൻ പ്രൊഫ. ഭൂഷൺ പട് വർദ്ധനനും ചേർന്ന് എം. എ. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യനു സമ്മാനിക്കുന്നു. സമീപം കോളേജിലെ ഐ ക്യു എ സി കോ. ഓർഡിനേറ്റർ ഡോ. ബിനു വർഗീസ്.
NEWS
നാടിന്റെ വിളക്ക് അണയാതിരിക്കണേയെന്ന പ്രാർത്ഥന സഫലമായി; വിധിക്ക് പിന്നാലെ നന്ദി പ്രാർത്ഥനയിൽ പങ്കെടുത്ത് വിശ്വാസി സമൂഹം

- ഷാനു പൗലോസ്
കോതമംഗലം: ചരിത്രമുറങ്ങുന്ന മാർ തോമ ചെറിയ പള്ളിയുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് വിശ്വാസിയായ തോമസ് പോൾ റമ്പാൻ നൽകിയ കേസ് പരിസമാപ്തിയിലെത്തിയപ്പോൾ കോതമംഗലം ജനതക്ക് വിജയം. 2017 ജൂലൈ 3ലെ സുപ്രീം കോടതി വിധി പ്രകാരം കോതമംഗലം ചെറിയ പള്ളിയും ഓർത്തഡോക്സ് സഭയുടെയാണെന്നും താൻ ഓർത്തഡോക്സ് വികാരിയാണെന്നും ചൂണ്ടികാട്ടി പള്ളി പോലീസിനെ ഉപയോഗിച്ച് പിടിച്ച് നൽകണമെന്ന ആവശ്യവുമായിട്ടാണ് തോമസ് പോൾ റമ്പാൻ കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ നിന്ന് ഇദ്ദേഹത്തിന് അനുകൂല ഉത്തരവുണ്ടായെങ്കിലും, ബാവാ പള്ളിയെന്നറിയപ്പെടുന്ന മാർ തോമ ചെറിയപള്ളിയും ഓർത്തഡോക്സ് സഭയും തമ്മിലുളള വിശ്വാസപരമായ എതിർപ്പ് മൂലം ഇദ്ദേഹത്തിന് പള്ളിയിൽ പ്രവേശിക്കുവാൻ സാധിച്ചിരുന്നില്ല.
സുപ്രീം കോടതി വിധിയുടെ ചുവട് പിടിച്ച് 1934 ഭരണഘടന കോതമംഗലം മാർ തോമ ചെറിയ പള്ളിക്കും ബാധമാക്കിക്കൊണ്ട് കോടതി വിധി പുറപ്പെടുവിച്ചു. അതോടെ നൂറ്റാണ്ടുകളായി മാർ തോമ ചെറിയ പള്ളിയിൽ നിലനിന്നിരുന്ന വിശ്വാസത്തിനും, ആചാരത്തിനും വിലക്കേർപ്പെടുത്തുന്ന തരത്തിലായി പിന്നീടുള്ള കാര്യങ്ങൾ. തൊണ്ണൂറ്റി ഒൻപത് ശതമാനം യാക്കോബായ വിശ്വാസികളും തങ്ങളുടെ ആരാധനാലയം വിട്ട് പുറത്തേക്കിറങ്ങണ്ടതായ അവസ്ഥയും സംജാതമായി.
വിശ്വാസികളെ ഒഴിപ്പിച്ച് പള്ളി കളക്ടറോട് ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് കേരളാ സർക്കാരും, മതമൈത്രി സംരക്ഷണ സമിതിയും, പള്ളി ഭരണ സമിതിയും, ഇടവകയിലെ പല വ്യക്തികളും കൂട്ടത്തോടെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതിന് ശേഷമാണ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം തെളിവുകൾ പരിശോധിച്ച് വിശദമായി വാദം കേൾക്കുവാൻ വേണ്ടിയാണ് കേസ് കോതമംഗലം മുൻസിഫ് കോടതിയിലേക്ക് മാറ്റിയത്.
തൊണ്ണൂറ്റി ഒൻപത് ശതമാനവും യാക്കോബായ സുറിയാനി സഭയുടെ വിശ്വാസികൾ മാത്രമുള്ള മാർ തോമ ചെറിയ പള്ളിയിൽ പ്രശ്നങ്ങൾ ആരംഭിച്ചത് 2017 ജൂലൈ 3ലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ടാണ്. വർഷങ്ങൾക്ക് മുൻപ് യാക്കോബായ സഭാംഗമായിരുന്ന തോമസ് പോളിന്റെ കുടുംബം പള്ളിവക കിണറിരുന്ന സ്ഥലം കൈക്കലാക്കിയതിനെ ഇടവക പൊതുയോഗം ചോദ്യം ചെയ്തതിന് പിന്നാലെ ഇവർ കോട്ടയം ആസ്ഥാനമായ ഓർത്തഡോക്സ് സഭയിലേക്ക് കൂറ് മാറിയിരുന്നു.
ഇതിനെതിരെ വിശ്വാസികളുടെ വ്യാപക പ്രതിഷേധമാണ് വർഷങ്ങളായി കോതമംഗലത്ത് നടന്ന് വരുന്നത്. എൽദോ മോർ ബസേലിയോസ് ബാവയുടെ കബറിട പള്ളി സംരക്ഷിക്കാൻ രാഷ്ട്രീയ മത ചിന്തകൾക്കതീതമായി കോതമംഗലത്തെ ജനത ഒരുമിച്ചതിന്റെ ഫലമായി പലവട്ടം തോമസ് പോൾ കനത്ത പോലീസ് വലയത്തിൽ പള്ളി പിടിച്ചെടുക്കാൻ എത്തിയെങ്കിലും ഈ പോലീസ് നടപടിക്കെതിരെ ശക്തമായ ആയിരക്കണക്കിന് ജനങ്ങൾ പ്രതിഷേധവലയം തീർത്തതോടെ പോലീസ് പിൻവാങ്ങുകയായിരുന്നു.
മാർ തോമ ചെറിയ പള്ളിയുടെ യഥാർത്ഥ അവകാശികളെ പുറത്താക്കാതെയുള്ള നീതിയുക്ത കോടതി വിധിയാണെന്ന് ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിലും, ട്രസ്റ്റിമാരായ സി.ഐ ബേബി, ബിനോയി മണ്ണഞ്ചേരി എന്നിവർ കോതമംഗലം വാർത്തയോട് പറഞ്ഞു. ജാതി മത ചിന്തകളില്ലാതെ ഈ നാടിന്റെ വിളക്കായ കോതമംഗലം മുത്തപ്പന്റെ കബറിടത്തിലെ വിശ്വാസാചാരങ്ങളെ സംരക്ഷിക്കുന്ന വിധിയിൽ സന്തുഷ്ടരാണെന്ന് കോതമംഗലം മതമൈത്രി സംരക്ഷണ സമിതി ഭാരവാഹികളായ എ.ജി ജോർജ്ജും, കെ.എ നൗഷാദും, അഡ്വ.രാജേഷ് രാജനും കോതമംഗലം വാർത്തയോട് പ്രതികരിച്ചു.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/FSJNPfYuPRZ8SFq7IiDYmM
NEWS
കോതമംഗലം മാർ തോമ ചെറിയ പള്ളി ഓർത്തഡോക്സ് സഭയുടെതല്ല: കോതമംഗലം മുൻസിഫ് കോടതി

- ഷാനു പൗലോസ്
കോതമംഗലം: മാർ തോമാ ചെറിയ പള്ളിക്കെതിരെ ഓർത്തോഡോക്സ് വിഭാഗം ഫയൽ ചെയ്ത OS448/2019 കോതമംഗലം മുൻസിഫ് കോടതി തള്ളിക്കളഞ്ഞു. വർഷങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കും, തെളിവുകൾ പരിശോധിച്ചുമാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ വികാരിയെന്ന് അവകാശപ്പെട്ട തോമസ് പോൾ റമ്പാന്റെ വാദം കോതമംഗലം മുൻസിഫ് കോടതി തള്ളി കളഞ്ഞത്.
മുൻപ് പല പ്രാവശ്യം ഈ OS നിലനിൽക്കുമ്പോഴും ഹൈക്കോടതിയിൽ 2017 ജൂലൈ 3 ലെ സുപ്രീം കോടതിയിൽ നിന്ന് കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ മതപരമായ ചടങ്ങുകൾക്ക് വികാരി തോമസ് പോൾ റമ്പാന് അനുമതി നൽകിയ ഉത്തരവുകൾ മൂലം കോതമംഗലം കലുഷിത സാഹചര്യത്തിലൂടെ കടന്ന് പോയിട്ടുണ്ട്.
ഈ വിധി നീതിപൂർവ്വമാന്നെന്നും, മോർ ബസേലിയോസ് ബാവായുടെ മണ്ണ് യാക്കോബായ സുറിയാനി സഭയുടെയാണെന്നും വികാരി ഫാ.ജോസ് പരത്തുവയലിൽ പറഞ്ഞു. യാക്കോബായ സഭക്ക് വേണ്ടി അഡ്വ.ജിജി പീറ്റർ ഹാജരായി.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/FSJNPfYuPRZ8SFq7IiDYmM
NEWS
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയയും ഇഞ്ചതൊട്ടി റോഡുമായി സംഗമിക്കുന്ന റാണി കല്ല് ഭാഗത്താണ് പകൽ കാട്ടാന ഇറങ്ങിയത്. ഒറ്റ തിരിഞ്ഞെത്തിയ പിടിയാന ഏറെ നേരം ഭാഗത്ത് റോഡു വക്കിലെ കാട്ടിൽ നിലയുറപ്പിച്ച ശേഷം റോഡിലുള്ള വനത്തിലൂടെ കടന്നു പോകുകയായിരുന്നു.
വേനൽ കാലമായതോടെ ദേശീയ പാതയോരത്തുള്ള നേര്യമംഗലം റേഞ്ച് ഓഫീസ് പരിസരത്തും. മൂന്ന് കലുങ്കു ഭാഗത്തും ആറാം മൈലിലും കാട്ടാന കൂട്ടങ്ങൾ ഇറങ്ങുന്നത് പതിവായിട്ടുണ്ട്. നേര്യമംഗലം ഇടുക്കി റോഡിൽ നീണ്ടപാറയിലും കുടിയേറ്റ മേഖലയായ കാഞ്ഞിരവേലിയിലും കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ ഇറങ്ങുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇന്ന് വില്ലാഞ്ചിറ ഭാഗത്ത് കാട്ടാന എത്തിയത്. നേര്യമംഗലം മേഖലയിൽ കാട്ടന ഇറങ്ങുന്നത് പതിവായതോടെ നാട്ടുകാരും യാത്രക്കാരും ഭീതിയിലാണ്.
-
ACCIDENT5 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT7 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME1 week ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
CRIME3 days ago
ബസിൽ വച്ച് യുവതിയെ ശല്യം ചെയ്ത പല്ലാരിമംഗലം സ്വദേശി പിടിയിൽ
-
NEWS2 days ago
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.
-
NEWS4 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME5 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു
-
CRIME6 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു