കോതമംഗലം : കോഴിഫാമിൽക്കയറി കോഴിയെ അകത്താക്കിയ കൂറ്റൻ പെരുമ്പാമ്പിനെ ഇന്ന് ചെറുവട്ടൂരിൽ നിന്ന് പിടികൂടി. ചെറുവട്ടൂർ, കോട്ടേപ്പീടികയിലുള്ള കോഴിഫാമിലാണ് പെരുമ്പാമ്പ് എത്തിയത്. ശബ്ദം കേട്ട് എത്തിയവർ പാമ്പിനെ കണ്ട വിവരം കോതമംഗലം ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് മുവാറ്റുപുഴ സ്വദേശിയായ പാമ്പുപിടുത്ത വിദഗ്ദ്ധൻ സേവി പൂവൻ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. പാമ്പ് ഒരു കോഴിയെ വിഴുങ്ങിയിരുന്നു. ഏകദേശം 20 കിലോ തൂക്കവും 12 അടി നീളവുമുള്ള പാമ്പിനെ വനം വകുപ്പിന് കൈമാറി.
