കോതമംഗലം : കെട്ട്കണക്കിന് കാഴ്ചകൾ സഞ്ചാരികൾക്ക് സമ്മാനിക്കാൻ ഒരുങ്ങിയ ഭൂതത്താൻകെട്ട് വിനോദസഞ്ചാരകേന്ദ്രം സഞ്ചാരികൾക്ക് നിരാശ സമ്മാനിച്ച് തത്കാലത്തേക്ക് അടച്ചു. കൊവിഡ് രൂക്ഷമായതിനെത്തുടർന്നാണ് ലോക്ക് വീണത് . പിണ്ടിമന ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽപെട്ട പ്രദേശമാണ് ഭൂതത്താൻകെട്ട്. ഈ പ്രദേശം കണ്ടയിന്റ്മെന്റ് സോൺ ആയി കളക്ടർ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഭൂതത്താൻകെട്ട് വീണ്ടും അടച്ചത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെത്തുടർന്ന് ഏപ്രിൽ പതിനെട്ടാം തീയതി അടച്ചിട്ട് ഓഗസ്റ്റ് പതിനൊന്നാം തീയതിയോടുകൂടി സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരുന്നു. ഏറെ പ്രതീക്ഷയോടു കൂടി ഭൂതത്താൻകെട്ടിലെ ബോട്ടിങ്ങും, കോട്ടേജുകളും, ട്രീ ഹൗസുകളും അറ്റകുറ്റപ്പണികൾക്ക് ശേഷം സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരുന്നു.
ഓരോ ദിവസവും അടച്ചിടുന്നത് സാമ്പത്തികമായി ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നതെന്നു ബന്ധപ്പെട്ടവർ പറഞ്ഞു. പിണ്ടിമന പഞ്ചായത്ത് അതിർത്തിയായ ഭൂതത്താൻകെട്ട് പാലത്തിന് മുന്നേ പ്രവർത്തിക്കുന്ന എല്ലാ ടൂറിസം സംരംഭങ്ങളും നിർത്തി വയ്ക്കണമെന്ന് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പാലത്തിന്റെ മറു വശം കുട്ടമ്പുഴ പഞ്ചായത്ത് അതിർത്തി ആയതിനാൽ അവിടെ വിലക്ക് ഇല്ലതാനും. പിണ്ടിമന പഞ്ചായത്തിലെ രണ്ടാം വാർഡിൽ അതിരൂക്ഷമായിട്ടാണ് കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതുകൊണ്ട് രണ്ടാം വാർഡ് ട്രിപ്പിൾ ലോക്കിലേക്ക് പോവാൻ നിർബന്ധിതരായിരിക്കുകയാണ്. രണ്ടാഴ്ചത്തേക്ക് എല്ലാ ടൂറിസം പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
കൊവിഡ് കാലഘട്ടത്തിലാണ് ഡി.ടി.പി.സി യിൽ നിന്നും ഭൂതത്താൻകെട്ട് ടൂറിസം പ്രോജക്ട് ഗ്രീനിക്സ് ഏറ്റെടുക്കുന്നത്. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ഇതുവരെ മൂന്നു പ്രാവശ്യമാണ് അടച്ചിടേണ്ടി വന്നത്. ഇതിനോടകം തന്നെ ഭീമമായ ഒരു തുക ഭൂതത്താൻകെട്ടിൽ ചെലവഴിച്ചിട്ടുണ്ട്. അടിക്കടിയുള്ള അടച്ചിടൽ മൂലം നാളുകൾ കൊണ്ട് ചെയ്തുവന്നിരുന്ന പണികൾ പലതും പാതി വഴിയിൽ ഉപേക്ഷിക്കേണ്ട ഗതികേടിലാണ്. സർക്കാരിന്റെ ഭാഗത്തുനിന്നും ഉചിതം ആയിട്ടുള്ള ഒരു സപ്പോർട്ട് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭൂതത്താൻകെട്ട് ഗ്രീനിക്സ് നേച്ചർ പാർക്ക് മാനേജർ ജെറിൽ ജോസ് പറഞ്ഞു.
facebook follower kaufen