കവളങ്ങാട്: മലയോര മണ്ണിനെ പുളകം അണിയിച്ചും കര്‍ഷക മനസിനെ നെഞ്ചോട് ചേര്‍ത്തും കോതമംഗലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി ജോണിന്റെ തെരഞ്ഞെടുപ്പ് പൊതുപര്യടനം തിങ്കളാഴ്ച ഇഞ്ചത്തൊട്ടിയില്‍ നിന്നും ആരംഭിച്ചു. രാവിലെ 7ന് കേരള ബാങ്ക് പ്രസിഡന്റും സിപിഐഎം സംസ്ഥാന സമിതിയംഗവുമായ ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കവളങ്ങാട് പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും പര്യടനമെത്തി. സ്വീകരണ സ്ഥലങ്ങളില്‍ വികസന നായകനെ കാണാനും പരിചയം പുതുക്കാനും സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പ്രവര്‍ത്തകരെത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആന്റണി ജോണിനെ ഹൈറേഞ്ചിന്റെ കവാടമായ നേര്യമംഗലത്ത് ഉഷ അനിരുദ്ധന്റെ നേതൃത്വത്തില്‍ ആരതി ഉഴിഞ്ഞ് സ്വീകരിച്ചു. എം സി അമ്മിണിയുടെയും ഖദീജ ഹമീദിന്റെയും നേതൃത്വത്തില്‍ സ്ത്രീകള്‍ പൂത്താലവും പഴങ്ങളും നല്‍കി സ്വീകരിച്ചു.
ചെമ്പന്‍കുഴിയിലെത്തിയ സ്ഥാനാര്‍ഥിക്ക് വിധു ദീപുവിന്റെ ഒക്കത്തിരുന്ന് ഒന്നാം ക്ലാസുകാരി തീര്‍ത്ഥ ദീപു പൂക്കള്‍ വിതറിയപ്പോള്‍ കുഞ്ഞുമനസിലും സന്തോഷം അലതല്ലി. കൃത്യമായി പെന്‍ഷന്‍ വീട്ടിലെത്തിക്കുന്ന സര്‍ക്കാര്‍ തുടരണമെന്നും ഞങ്ങളുടെ മുഴുവന്‍ വോട്ടുകളും എല്‍ഡിഎഫിനാണെന്ന് പറഞ്ഞ് ആന്റണിയെ കെട്ടിപ്പിടിച്ച് സന്തോഷാശ്രു ചൊരിഞ്ഞ വികലാംഗകൂടിയായ തങ്കമണി ബാബുവിന്റെ പ്രവൃത്തി ഏവരുടെയും കണ്ണു നനയിച്ചു.
തനിക്കും കുടുംബത്തിനും അന്തിയുറങ്ങാന്‍ വീട് നിര്‍മിച്ചു നല്‍കിയവരെ കാണാനും സന്തോഷം പങ്കിടാനും നട്ടെല്ലിന് ഗുരുതര പരിക്കുകളോടെ വീട്ടില്‍ വിശ്രമിച്ചിരുന്ന അജിത കെ ശശി പുത്തന്‍കുരിശ് കവലയിലെത്തി സ്ഥാനാര്‍ഥിക്ക് കട്ടന്‍ ചായ നല്‍കിയപ്പോള്‍ പ്രവര്‍ത്തകരുടെ നിര്‍ത്താതെയുള്ള കരഘോഷം. കൂലിപ്പണിക്കാരനായ ഭര്‍ത്താവിനും മൂന്ന് മക്കളോടുമൊപ്പം താമസിക്കുന്ന അജിതക്ക് ഏറെ ആശ്വാസമായിരുന്നു സിപിഐഎം കവളങ്ങാട് ഏരിയാ കമ്മിറ്റി നിര്‍മിച്ചു നല്‍കിയ കനിവ് ഭവനം.
രാവിലെ 7ന് ഇഞ്ചത്തൊട്ടിയില്‍ നിന്നാരംഭിച്ച പര്യടനം 9ന് നേര്യമംഗലത്തെത്തി. തുടര്‍ന്ന് കോളനി, മണിയന്‍പാറ, ചെമ്പന്‍കുഴി, നീണ്ടപാറ, കരിമണല്‍, കുത്തുപാറ, മണിമരുതുംചാല്‍, ആവോലിച്ചാല്‍, വെള്ളാപ്പാറ, ആലിന്‍ചുവട്, തലക്കോട്, അള്ളുങ്കല്‍, തടി ഡിപ്പോ ചുറ്റി ഉച്ചക്ക് 1ന് പുത്തന്‍കുരിശില്‍ സമാപിച്ചു. ഉച്ചക്ക് 3ന് തേങ്കോട് നിന്നാരംഭിച്ച പര്യടനം പരീക്കണ്ണി, ഊന്നുകല്‍, നമ്പൂരിക്കൂപ്പ്, ഉപ്പുകുളം, പെരുമണ്ണൂര്‍, പോത്തുകുഴി, മില്ലുംപടി, കോളനിപ്പടി, മാരമംഗലം, കണ്ണാടിക്കോട്, വാളാച്ചിറ, കവളങ്ങാട് ചുറ്റി വൈകിട്ട് 6.30ന് നെല്ലിമറ്റത്ത് സമാപിച്ചു. ഇഞ്ചത്തൊട്ടിയില്‍ ആരംഭിച്ച പൊതുപര്യടനത്തില്‍ ഷൈജന്‍ തോമസ് അധ്യക്ഷനായി. കെ കെ ശിവന്‍ സ്വാഗതം പറഞ്ഞു.
സിപിഐഎം ജില്ലാ കമ്മിറ്റിയംഗം പി എന്‍ ബാലകൃഷ്ണന്‍, ഏരിയാ സെക്രട്ടറിമാരായ ആര്‍ അനില്‍കുമാര്‍, ഷാജി മുഹമ്മദ്, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, മണ്ഡലം ചെയര്‍മാന്‍ എം കെ രാമചന്ദ്രന്‍, മനോജ് ഗോപി, ഷാജി പീച്ചക്കര, എം സി ചെറിയാന്‍, പോള്‍ മുണ്ടക്കല്‍, ടോമി ജോസഫ്, ബാബുപോള്‍, അഡ്വ എ എ അന്‍ഷാദ്, റഷീദ സലീം, എ ബി ശിവന്‍, ആദര്‍ശ്് കുര്യാക്കോസ്, എം ഐ കുര്യാക്കോസ്, പി കെ രാജേഷ്, അഖില്‍ സുധാകരന്‍, കെ ബി മുഹമ്മദ്, കെ ഇ ജോയി, ഷിബു പടപ്പറമ്പത്ത്, ജോയി പി മാത്യു, പി എം കണ്ണന്‍ തുടങ്ങി നേതാക്കള്‍ പര്യടനത്തോടൊപ്പമുണ്ടായിരുന്നു.