മുവാറ്റുപുഴ: അങ്കമാലി-ശബരി റെയിൽപാത മരവിപ്പിക്കപ്പെട്ടത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. നിലവിൽ എല്ലാ തടസ്സങ്ങളും മാറിയ സാഹചര്യത്തിൽ പദ്ധതി നടപ്പിലാക്കുന്നതിന് അടിയന്തിരമായി ഇടപെടണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കഴിഞ്ഞ ദിവസം നേരിട്ട് കണ്ട് ആവശ്യമുന്നയിച്ചു. ഇതിനായി എം.പി.മാരെയും , കേരള സർക്കാർ പ്രതിനിധികളെയും ഉൾകൊള്ളിച്ച് യോഗം വിളിക്കണം. 63% പ്രദേശങ്ങളിലും അലൈൻമെന്റ് തീരുമാനിക്കപ്പെട്ട് കല്ലിട്ട പദ്ധതി അട്ടിമറിക്കുന്നതിനായി ചില തൽപ്പരകക്ഷികൾ ശ്രമിക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതായി എം.പി. പറഞ്ഞു.
ഇ.ശ്രീധരൻറെ നേതൃത്വത്തിൽ പുതിയ പാത ആവശ്യപ്പെടുന്നതും ഈ പദ്ധതിയെ തടസ്സപ്പെടുത്തുന്നതിനാണ്. സംസ്ഥാന സർക്കാർ ഉടൻ തന്നെ പദ്ധതിയുടെ അവസാന ഭാഗമായ പ്രദേശത്ത് സർവ്വേ നടപടികൾ പൂർത്തീകരിക്കുകയാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയതായും, ഉടൻ തന്നെ പദ്ധതിയുടെ റിവ്യൂ മീറ്റിംഗ് ചേരാവുന്നതാണെന്നും മന്ത്രി അറിയിച്ചതായി ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു.