കൊച്ചി : അകാലത്തില്‍ പൊലിഞ്ഞ കളമെഴുത്ത് പാട്ട് കലാകാരനായിരുന്ന അജീഷ് പുത്തൂരിന്‍റെ സ്മരണയ്ക്ക് 20 അടി വലുപ്പത്തില്‍ അജീഷിന്‍റെ ത്രിമാന ചിത്രം വരച്ച് പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷ്. കൊടുങ്ങല്ലൂര്‍ മേത്തല പറമ്പി കുളങ്ങര എൻ എസ് എസ് വി സഭാ ഹാളിലാണ് ചിത്രം ഒരുക്കിയത്. നവതേജസ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്‍റെ സംഘാടനത്തില്‍ 12 മണിക്കൂര്‍ സമയം ചിലവഴിച്ചാണ് ഡാവിഞ്ചി ഈ ത്രീഡി ചിത്രം തയ്യാറാക്കിയത്. കളമെഴുത്ത് പാട്ട് കലാരംഗത്ത് അസാധാരണമായ പ്രതിഭകൊണ്ട് ശ്രദ്ധേയമായ കഴിവുകള്‍ പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു അജീഷ് പുത്തൂർ. ഇദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗത്തിനു ശേഷം 12 വയസു മാത്രം പ്രായമുള്ള അജീഷിന്‍റെ മകന്‍ അജ്വൽറാം അച്ഛന്‍റെ പാത പിന്തുടര്‍ന്ന് കൊണ്ട് കളമെഴുത്ത് പാട്ട് രംഗത്തേയ്ക്ക് വന്നിരിക്കയാണ്.
അജീഷിന്‍റെ ശിഷ്യന്മാരായ ഷൈന്‍ മോന്‍ , ദിബിന്‍ , സഹോദരീ പുത്രന്‍ ജിത്തു തുടങ്ങിയ നവതേജസിലെ കൂട്ടുകാരും ഡാവിഞ്ചി സുരേഷിന്‍റെ എഴുപത്തി ഏഴാമത്തെ മീഡിയമായ കളര്‍ പൌഡര്‍ ചിത്രത്തിനു സഹായത്തിനായി കൂടെയുണ്ടായിരുന്നു . കളര്‍ പൌഡര്‍ ഉപയോഗിച്ച്കൊണ്ട് ഡാവിഞ്ചി സുരേഷ് 25 വര്‍ഷം മുന്പ് ചിത്രങ്ങൾ വരച്ചിട്ടുണ്ടെങ്കിലും അവ കയ്യിലില്ലാത്തത് കൊണ്ട് സുരേഷിന്‍റെ നൂറു മീഡിയം യാത്രയില്‍ കളര്‍ പൌഡര്‍ കയറിയിരുന്നില്ല. കളമെഴുത്ത്, കളറുകള്‍ ഉപയോഗിച്ച് ഒരു ചിത്രം ചെയ്യണമെന്നു തീരുമാനിച്ചപ്പോള്‍ ഡാവിഞ്ചി ക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല സുഹൃത്ത് കൂടി ആയിരുന്ന അജീഷിനെ തെരെഞ്ഞ്രടുക്കാന്‍.
ഇതിനായി അന്‍പതോളം നിറങ്ങളാണ് അരിപ്പൊടിയിലും, വാകപച്ചയിലും, ഉമിക്കരിയിലും ആയി മിക്സ് ചെയ്തെടുത്തത്. ചിത്ര രചനയിലെ വ്യത്യസ്തമായ ത്രിമാന ചിത്ര രചനാരീതിയാണ് അജീഷിനെ വരക്കാന്‍ സുരേഷ് തെരഞ്ഞെടുത്തത് .തുടക്കം മുതല്‍ അജീഷിന്റെ മകന്‍ അജ്വൽറാം സാക്ഷിയായിരുന്നു ഈ ചിത്രം വരയ്ക്ക് . പ്രജീഷ് ട്രാന്‍സ് മാജിക് ചിത്രങ്ങള്‍ ക്യാമറ യിൽ പകര്‍ത്തി.