കോതമംഗലം: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോട്ടപ്പടി വടോട്ടുമാലിൽ പ്രദീപ് (34) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടപ്പടി, കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, വ്യാജ വാറ്റ് ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ ആഗസ്ത് മുപ്പതു മുതൽ 6 മാസത്തേക്ക് എല്ലാ ചൊവ്വാഴ്ചയും പെരുമ്പാവൂർ എ.എസ്.പി ഓഫിസിൽ ഹാജരായി ഒപ്പിടുന്നതിന് ഉത്തരവുണ്ടായിരുന്നതാണ്.ഈ ഉത്തരവ് ലംഘിച്ച് കഴിഞ്ഞ ഡിസംബറിൽ കുറുപ്പംപടി വട്ടോലിപ്പടിയിൽ വച്ച് സാജു എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും, കഴിഞ്ഞ മേയിൽ കോട്ടപ്പടി, തോളേലി ഭാഗത്ത് വീട്ടിൽ അതിക്രമിച്ച് കയറി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസിലും പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി ജയിലിൽഅടച്ചത്. ഇൻസ്പെക്ടർ ജിജിൻ ജി ചാക്കോ, എസ്.സി.പി.ഒ മാരായ എം.കെ.സുധി, ജോബി.എം.വർഗീസ്, സി.പി.ഒ മാരായ അജിത്ത് മോഹൻ, പി.നോബിൾ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 82 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. 59 പേരെ നാട് കടത്തി.
