നെല്ലിക്കുഴി : ലോക്ക് ഡൗൺ കാലത്തെ സാമൂഹിക അകലവും ജനസമ്പർക്ക വിലക്കും കൂടുതൽ കർക്കശമാക്കാനുള്ള നടപടികളുടെ ഭാഗമായി നെല്ലിക്കുഴി കവലയിൽ പോലീസ് റൂട്ട്മാർച്ച് നടത്തി. ലോക്ക് ഡൗൺ നീട്ടുകയുംരണ്ടാം ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തതോടെ ജനങ്ങൾക്കിടയിൽ ഉണ്ടാകാൻ ഇടയുള്ള ആശയക്കുഴപ്പം ദുരീകരിക്കുന്നതിനും ചട്ടലംഘനം കടുത്ത നിയമ നടപടികൾക്ക് ഇടയാക്കുമെന്നുമുള്ള സന്ദേശവുമായിട്ടായിരുന്നു പോലീസ് റൂട്ട് മാർച്ച്.
ആളുകൾ കൂടുതലായി കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളുടെ റൂറൽ ജില്ലാതല പോലീസ് ലിസ്റ്റിൽ ഉൾപ്പെട്ട സ്ഥലമായിരുന്നു നെല്ലിക്കുഴി. വലിയ ജനസാന്ദ്രതയുള്ള നെല്ലിക്കുഴിയിൽ ആയിരക്കണക്കിന് അതിഥി തൊഴിലാളികളും ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്തായിരുന്നു പോലീസിന്റെ ഭാഗത്തു നിന്നുള്ള മുന്നറിയിപ്പ് എന്ന തരത്തിൽ റൂട്ട് മാർച്ച് നടത്തിയത്. കോതമംഗലം സി.ഐ. ടി.എ.യൂനസ്, എസ്.ഐ.മാരായ ഇ.പി. ജോയി, ബേബി പോൾ എന്നിവർ റൂട്ട് മാർച്ചിന് നേതൃത്വം നൽകി.