കോതമംഗലം : പ്രമുഖ ഓട്ടോ മൊബൈൽ യൂട്യൂബ് ചാനലായ Pilot On Wheels ഭൂതത്താൻകെട്ട് ഡാമിന്റെ വശ്യതയിൽ ചിത്രീകരിച്ച വീഡിയോ ശ്രദ്ധ നേടുന്നു. കോതമംഗലം പുതുപ്പാടി സ്വദേശിയായ റോഷനും തൃക്കാരിയൂർ സ്വദേശിയായ വിപിനുമാണ് ചാനലിന്റെ അണിയറയിൽ പ്രവർത്തിക്കുന്നവർ. മാതൃഭൂമിയിലെ ഓട്ടോ റിവ്യൂ പ്രോഗ്രാമിലൂടെയാണ് റോഷൻ വാഹനപ്രേമികളുടെ ഇഷ്ട കഥാപാത്രമായി മാറുന്നത്. സിംഗപ്പൂരിൽ പൈലറ്റ് പഠനത്തിന് ശേഷം ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയിൽ വൈമാനികനായി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ഒരു ഓട്ടോ മൊബൈൽ ജേർണലിസ്റ്റായി കരിയർ മാറ്റം സംഭവിക്കുന്നത്. കൂടാതെ ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് എഡിഷൻ ഓൺലൈൻ മീഡിയയിലെ വിപിന്റെ അനുഭവ സമ്പത്തുകൂടി കൂട്ടിച്ചേർത്തപ്പോൾ Pilot On Wheels എന്ന യൂട്യൂബ് ചാനൽ പിറവി എടുക്കുകയായിരുന്നു.