നെല്ലിമറ്റം: ഫാമുകളിൽ നിന്നും തൊഴുത്തിൽ നിന്നും പശുക്കളെ മോഷ്ടിച്ച് കശാപ്പ് ചെയ്യുന്ന മോഷ്ടാവിനെ മൂവാറ്റുപുഴ എസ്.ഐ. സൂഫിയുടെ നേതൃത്വത്തിലുള്ള അന്വഷണ സംഘം ബുദ്ധിപരമായ നീക്കത്തിലൂടെ പിടികൂടിയത്. മൂവാറ്റുപുഴ കക്കടാശ്ശേരി എള്ളുമലയിൽ ഷമീർ ( 38 ) ആണ് പിടിയിലായത്. കോതമംഗലം നെല്ലിമറ്റത്തെ ഒരു കശാപ്പ് ശാലക്ക് സമീപത്ത് നിന്നാണ് എസ്.ഐ.സൂഫിയും സംഘവും ഇയാളെ പിടികൂടിയതെന്ന് അന്വഷണ സംഘം വെളിപ്പെടുത്തി. പശുക്കച്ചവടക്കാരെന്ന വ്യാജേന വേഷം മാറിച്ചെന്ന് എ.എസ്.ഐ. ജയകുമാർ, സിവിൽ പോലീസ് ഓഫീസർ ബിബിൻ മോഹൻ എന്നിവർ ചേർന്നാണ് ഇയാളെ സാഹസികമായി പിടികൂടിയത്. സംശയം തോന്നി മാറിക്കളയാൻ ശ്രമിച്ച ഇയാളെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.
മോഷ്ടിച്ച് പശുവും മൂരിയുമായി കഴിഞ്ഞ ദിവസം വാനിൽ പോവുകയായിരുന്ന ഇയാൾ കഴിഞ്ഞ ദിവസം പോലീസ് പിടിക്കുന്നതിനു തൊട്ടുമുൻപേ ഓടിക്കളഞ്ഞിരുന്നു. ഉരുക്കളെ സഹിതം പോലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. വണ്ടിയിൽ കടത്തിക്കൊണ്ട്‌പോകുന്ന പശു തന്റേതാണെന്ന് സംശയിച്ച ഒരു ഫാമുടയും പോലീസും ചേർന്നാണ് അന്ന് വാഹനം പിടികൂടിയത്. എന്നാൽ വാഹനത്തിലുണ്ടായിരുന്ന പശു വാളകം മേക്കടമ്പിൽ നിന്ന് മോഷണം പോയവയായിരുന്നു എന്ന് കണ്ടെത്തി. ഉരുക്കളെ യഥാർത്ഥ ഉടമക്ക് നല്കുകയും ചെയ്തു. കള്ളൻ കടന്നു കളഞ്ഞതിനാൽ ഉരുക്കളെ കടത്തുന്നത് തടയുകയും വാഹനം പിടികൂടാൻ സഹായിക്കുകയും ചെയ്ത ഫാമുടമയുടെ പശു എവിടെയെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഫാമുടമയുടെ പരാതിയിൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണമാണ് ഷമീറിന്റെ അറസ്റ്റിലെത്തിയത്. ഇയാൾ സ്ഥിരമായി പശുക്കളെ കടത്താൻ ഉപയോഗിക്കുന്ന വാഹനങ്ങളെക്കുറിച്ച് അന്വഷിച്ച് വരുകയാണ്. കശാപ്പ് ജോലി മാത്രമാണ് ഇയാൾക്ക് അറിയുകയുള്ളു. മുവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും വളർത്ത് മൃഗങ്ങൾ മോഷണം പോകുന്നത് പതിവാണ്. കൂടുതൽ അന്വഷണങ്ങളിലൂടെ ഇയാളിൽ നിന്നും ചുളുവിലയിൽ ഉരുക്കളെ വാങ്ങി കശാപ്പ് ചെയ്യുന്ന കശാപ്പ് ശാലകളെക്കുറിച്ചും അന്വഷിച്ച് വരുന്നു. മോഷ്ടിച്ച ഉരുക്കളെ കോതമംഗലം, പെരുമ്പാവൂർ ,അങ്കമാലി പ്രദേശങ്ങളിലാണ് വിൽപന നടത്തിവന്നിരുന്നത് എന്ന് പോലീസ് പറയുന്നു. ഏത് മൃഗങ്ങളെയും ചുരിങ്ങയ സമയത്തിനുള്ളിൽ മെരുക്കാനുള്ള കഴിവ് ഷമീറിനുണ്ടെന്നും പറയുന്നു. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നേക്കും.
You must be logged in to post a comment Login