കോതമംഗലം : കീരംപാറ പഞ്ചായത്തിലെ പെരിയാര്‍ അടക്കമുള്ള പുഴകളില്‍ കുമിഞ്ഞു കൂടിയിരിക്കുന്ന മണല്‍ വാരാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് കീരംപാറ മണ്ഡലം പ്രവര്‍ത്തക സംഗമം. പുഴയില്‍ അടിഞ്ഞു കൂടുന്ന മണല്‍ വാരാത്തത് മൂലം മഴക്കാലത്ത് പുഴ കര കവിഞ്ഞ് ഒഴുകി സമീപ പ്രദേശങ്ങളിലെ കൃഷി ഇടങ്ങളെല്ലാം നശിക്കുകയാണ്. ലക്ഷ കണക്കിന് രൂപയുടെ നഷ്ടമാണ് ഇതു മൂലം സംഭവിക്കുന്നത്.
നിരവധി നിവേദനങ്ങള്‍ സര്‍ക്കാരിനും, ജില്ലാ ഭരണകൂടത്തിനും നല്‍കിയിട്ടും ഇക്കാര്യത്തില്‍ ഒരു നടപടികളും ഉണ്ടായിട്ടില്ല. കര്‍ഷകര്‍ വന്യമൃഗങ്ങളുടെ ശല്യത്താല്‍ ദുരിത പൂര്‍ണ്ണമായ ജീവിതം തള്ളി നീക്കുന്നതിന് ഇടയില്‍ പുഴയോരങ്ങളിലെ കര്‍ഷകര്‍ക്ക് അധിക്യതരുടെ കെടുകാര്യസ്ഥതമൂലം ദുരിതം ക്ഷണിച്ച് വരുത്തുകയാണ്.
മണല്‍ വാരല്‍ പുനരാരംഭിച്ചാല്‍ അനേകം തൊഴിലാളികള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കും. പഞ്ചായത്തുകള്‍ക്ക് വരുമാന മാര്ഗ്ഗമാകുകയും ചെയ്യും. ഇനിയും ഫലപ്രദമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരത്തിന് കര്‍ഷക കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി കോച്ചേരി അദ്ധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ഇ കാസിം, എം.സി അയ്യപ്പന്, പി.എം സിദ്ദിക്, രാജു പള്ളിത്താഴത്ത്, ജോണ്‍ നാടുകാണി, എം.പി എസ്തഫാനോസ്, കരുണാകരന് പുനത്തില്‍, പി.കെ ശശി, ജോസ് മഞ്ഞനാംകുടി എന്നിവര്‍ പ്രസംഗിച്ചു.

















































