Connect with us

Hi, what are you looking for?

NEWS

ഇടമലയാറിൽ ജലനിരപ്പ് താഴ്ന്നു; ആശങ്ക വേണ്ടെന്ന് അധികൃതർ

കോതമംഗലം: വേനല്‍ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉത്പാദന മേഖലയിലും ആശങ്ക ഉയരുന്നു. ജലസംഭരണികളില്‍ ജലനിരപ്പ് അതിവേഗം താഴുകയാണ്. ഇടമലയാര്‍ ഡാമില്‍ സംഭരണശേഷിയുടെ പകുതിയില്‍ താഴെ വെള്ളം മാത്രമാണുള്ളത്. ഇന്നലെ 141.26 മീറ്റര്‍ ആയിരുന്നു ജലനിരപ്പ്. ആകെ സംഭരണ ശേഷിയുടെ 32.77 ശതമാനമാണിത്. കഴിഞ്ഞവര്‍ഷം ഇതേ ദിവസത്തേക്കാള്‍ രണ്ട് മീറ്ററോളം താഴെയാണ് ജലനിരപ്പ്.

കഴിഞ്ഞ വര്‍ഷം 143.79 മീറ്റര്‍ ആയിരുന്നു ജലനിരപ്പ്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ ഇല്ലാത്തതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് ദുര്‍ബലമാണ്. ഉത്പാദനം തുടരുകയും മഴ അകന്നുനില്‍ക്കുകയും ചെയ്താല്‍ മെയ് മാസം അവസാനത്തോടെ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകും. എല്‍ നിനോ പ്രതിഭാസത്തിന്റെ പ്രത്യാഘാതംമൂലം ഈ വര്‍ഷം കാലവര്‍ഷം ദുര്‍ബലമാകുമെന്ന റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മഴക്കാലം വരെ വൈദ്യുതി ഉത്പാദനം തുടരാനാകുമെന്നുമാണ് അധികൃതരുടെ വിശദീകരണം.

നിലവിലെ വൈദ്യുതി ഉത്പാദനം 54 മെഗാവാട്ട്
രണ്ട് ജനറേറ്ററുകള്‍ രാത്രി മുഴുവന്‍ പ്രവര്‍ത്തിപ്പിക്കുകയും പകല്‍ ഒരു ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്. 75 മെഗാവാട്ടാണ് സ്ഥാപിത ശേഷി. 34.5 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് ഇവിടെയുള്ളത്.

ഇടമലയാര്‍ ഡാമിന്റെ സംഭരണ ശേഷി 169 മീറ്റര്‍
ഇന്നലത്തെ ജലനിരപ്പ് 141.26 മീറ്റര്‍ (32.77 ശതമാനം)

കഴിഞ്ഞവര്‍ഷം ഇടമലയാര്‍ ഡാമില്‍ ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയില്‍ എത്തിയിരുന്നില്ല. റൂള്‍ കര്‍വ് പ്രകാരം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായില്ല. 2022 ഓഗസ്റ്റിലാണ് ഡാം നിറഞ്ഞതിനേതുടര്‍ന്ന് അവസാനമായി തുറന്നത്. മഴക്കാലത്ത് മറ്റ് പദ്ധതികളില്‍ വൈദ്യുതി ഉത്പാദനം പൂര്‍ണതോതിലാകുമ്പോള്‍ ഇടമലയാറില്‍ ഉത്പാദനം കുറച്ച് വെള്ളം പരമാവധി ശേഖരിക്കുന്ന രീതിയാണ് പിന്തുടരുന്നത്.

ഇടമലയാറില്‍ ഇപ്പോള്‍ വൈദ്യുതി ഉത്പാദനം സുഗമമായി നടക്കുന്നതിനാല്‍ ഭൂതത്താന്‍കെട്ടില്‍ പെരിയാറിലേക്ക് ജല ലഭ്യത ഉറപ്പുവരുത്താനും കഴിയുന്നുണ്ട്.പെരിയാര്‍വാലി കനാല്‍വഴിയുള്ള ജലവിതരണത്തിനും ഭൂതത്താന്‍കെട്ടിന്റെ താഴേക്കുള്ള കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനത്തിനും തടസം ഉണ്ടാകില്ല. മുന്‍ വര്‍ഷങ്ങളില്‍ ഇടമലയാറില്‍ നിന്നുള്ള വെള്ളത്തിന്റെ അളവ് കുറഞ്ഞപ്പോള്‍ കനാലുകളിലൂടെയുള്ള ജലവിതരണത്തെ പ്രതികൂലമായി ബാധിച്ചു.

 

You May Also Like

error: Content is protected !!