കോതമംഗലം: വേനല്‍ച്ചൂടിനെ അവഗണിച്ച് നഗരത്തിലെ വിപണികള്‍ വിഷുവിനെ വരവേല്‍ക്കാന്‍ സജ്ജമായി. വിഷുക്കോടിയും കണിവെള്ളരിയും പുത്തന്‍ കൈനീട്ടങ്ങളുമായി മലയാളികള്‍ വിഷു ആഘോഷത്തിരക്കിലേക്ക് കടന്നതോടെ വിപണികളില്‍ വലിയ തോതിലുള്ള ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കണിയൊരുക്കാനുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ മൊത്തമായും ചില്ലറയായും വാങ്ങാന്‍ നിരവധിപേരാണ് എത്തുന്നത്.
കണിസാമഗ്രികളുടെ വില്‍പന സജീവം
വിഷുക്കണി ഒരുക്കുന്നതിനായുള്ള വിഭവങ്ങള്‍ വാങ്ങാന്‍ വലിയ തിരക്കാണ് പ്രധാന നഗരങ്ങളിലും ഉള്‍പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്. കണിവെള്ളരി കിലോയ്ക്ക് 30 രൂപ മുതലാണ് വിവിധ ഇടങ്ങളിലെ വില. വിപണി സജീവമാണെങ്കിലും കച്ചവടം തീരെ മോശമാണെന്നും പറയുന്നുണ്ട്. മാമ്പഴം, ചക്ക, കൈതച്ചക്ക എന്നിവയ്ക്ക് പുറമെ ആപ്പിള്‍, മുന്തിരി തുടങ്ങിയവയ്ക്കും വിപണിയില്‍ ആവശ്യക്കാരേറെയാണ്. വിശറി, വാല്‍ കണ്ണാടി, ഉരുളി, കൃഷ്ണന്‍, മഞ്ഞ മുണ്ട്, മയില്‍പീലി എന്നിവ കൂടാതെ കുന്നിക്കുരു, മഞ്ചാടിക്കുരു എന്നിവയും ലഭ്യമാണ്. വിശറിക്ക് 130 രൂപയാണ് വില. കണ്ണാടിക്ക് 30 മുതല്‍ 50 രൂപവരെയാണ് വില. മഞ്ഞമുണ്ടിന് 30 രൂപയും ഒരുകെട്ട് മയില്‍പീലിക്ക് 50 രൂപയുമാണ്.
പലവിലയിലുള്ള കൃഷ്ണവിഗ്രഹങ്ങളും മാര്‍ക്കറ്റില്‍ ലഭ്യമാണ്. 350 മുതല്‍ 5000 രൂപവരെയാണ് വില വരുന്നത്. വിഷുസദ്യയ്ക്കായുള്ള പച്ചക്കറി വിപണിയില്‍ വില നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനുപുറമേ ഇന്‍സ്റ്റന്റ് പായസക്കൂട്ടുകള്‍ക്കും ശര്‍ക്കര വരട്ടിക്കും ചിപ്സിനും ആവശ്യക്കാരേറെയാണ്. പുത്തന്‍ വസ്ത്രങ്ങള്‍ വാങ്ങുന്നതിനായി പ്രമുഖ തുണിക്കടകളിലെല്ലാം വലിയ തിരക്കാണ്. പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ വിപണി കീഴടക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കൊന്നപ്പൂക്കള്‍ക്കായി ആളുകള്‍ തെരച്ചില്‍ നടത്തുന്നുണ്ട്. നാല് നിറങ്ങളിലുള്ള പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ ലഭ്യമാണ്. 45 രൂപ മുതലാണ് പ്ലാസ്റ്റിക് കൊന്നപ്പൂക്കളുടെ വില. പടക്ക വിപണിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പടക്കങ്ങള്‍ക്ക് 10-15 ശതമാനം വില വര്‍ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും ശബ്ദം കുറഞ്ഞതും വര്‍ണ്ണങ്ങള്‍ വിരിയുന്നതുമായ ഇനങ്ങള്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍.
വിപണിയിലെ വിലക്കയറ്റം തടയുന്നതിനായി സപ്ലൈകോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും ആഭിമുഖ്യത്തില്‍ വിഷു ഫെയറുകള്‍ സജീവമാണ്. സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ ലഭിക്കുന്നത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകുന്നു. വരും ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാനാണ് സാധ്യത.























































