കോതമംഗലം: അറ്റകുറ്റപണി പൂര്‍ത്തിയാക്കി എംവിഐപി വലതുകര കനാല്‍ 27ന് തുറക്കും. കനാല്‍ തുറന്ന് കോതമംഗലം താലൂക്കിലെ പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, പല്ലാരിമംഗലം, വാരപ്പെട്ടി പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.
കനാലിന്റെ അറ്റകുറ്റപണി എംവിഐപി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജനപ്രതിനിധികളുടേയും സന്നദ്ധസംഘടനകളുടേയും സഹകരണത്തോടെ ശുചീകരണ പ്രവര്‍ത്തനം നടന്നുവരുന്നുവരികയാണ്. ഈ മാസം 27ന് തന്നെ കനാല്‍ തുറക്കാനാകുമെന്നാണ് അധിക്യതരുടെ പ്രതീഷ. കനാലിന്റെ അവസാനഭാഗംവരെ വെള്ളമെത്താന്‍ പിന്നെയും ഏതാനും ദിവസംകൂടി എടുക്കും.
ജലക്ഷാമം മൂലം താലൂക്കിലെ പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, പല്ലാരിമംഗലം, വാരപ്പെട്ടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതിരുന്നതിനെതുടര്‍ന്നാണ് കനാലുകളുടെ അറ്റകുറ്റപണിയും, ശുചീകരണവും പ്രതിസന്ധിയിലായത്. പ്രതിസന്ധി മറികടക്കുന്നതിനായാണ് നാട്ടുകാര്‍ ശുചീകരണപ്രവര്‍ത്തനം നടത്തുന്നത്.






















































