കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് ഗവ. യു പി സ്‌കൂളിന് മുന്നില്‍ വിവാഹപാര്‍ട്ടിയുമായി വന്ന ടൂറിസ്റ്റ് ബസ് കത്തി നശിച്ചു. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. വാഹനം നിറുത്തി യാത്രക്കാര്‍ ചായകുടിക്കാന്‍ ഇറങ്ങിയ സമയത്തായിരുന്നതിനാല്‍ ആളപായമില്ല. ഷോട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസ്പൂര്‍ണമായും കത്തിനശിച്ചു. ഏറെനേരം ഗതാഗതം തടസപ്പെട്ടു. ബസില്‍ 40 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഇടുക്കി സേനാപതിയില്‍ നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസിനാണ് തീപിടിച്ചത്. കോട്ടപ്പടിയില്‍ വിവാഹ സത്കാരത്തിനു ശേഷം മടങ്ങവെയാണ് അപകടം ഉണ്ടായത്. ബസിന്റെ പിന്‍ഭാഗത്തു നിന്നുണ്ടായ തീ ബസിനുള്ളിലേക്ക് പടരുകയായിരുന്നു എന്നാണ് കണ്ട് നിന്നവര്‍ പറഞ്ഞത്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വാഹനത്തില്‍ നിന്ന് ഇറങ്ങാതെ സീറ്റില്‍ ഇരുന്നവരെ പെട്ടെന്ന് പുറത്തിറക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഊന്നുകല്‍ പോലീസും കോതമംഗലം അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. വലിയതോതില്‍ ആളിയ തീ ഏറെ നേരത്തെ ശ്രമത്തിമൊടുവിലാണ് അണയ്ക്കാനായത്.






















































