കോതമംഗലം: ഭൂതത്താന്‍കെട്ട് പാലത്തിന് താഴെ പുഴയില്‍ അങ്കമാലി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അങ്കമാലി ചമ്പന്നൂര്‍ സൗത്ത് തിരുതനത്തി ബിനില്‍ (32) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് വീട്ടില്‍നിന്ന് ബിനിലിനെ കാണാതായതായി അങ്കമാലി പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഇന്നലെ രാവിലെ പുഴയില്‍ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം അഴുകി തുടങ്ങിയിരുന്നു. ഷര്‍ട്ടും പാന്റ്‌സുമായിരുന്നു ധരിച്ചിരുന്നത്. വിഷം കഴിച്ചശേഷം പുഴയില്‍ ചാടിയതാകാമെന്നാണ് പോലീസ് നിഗമനം. കോതമംഗലം പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പോസ്റ്റുമോര്‍ട്ടത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
മാനസിക വെല്ലുവിളി നേരിട്ടിരുന്ന ബിനില്‍ വീടിന് സമീപത്തെ ഫുഡ് പ്രൊഡക്ഷന്‍ യൂണിറ്റിലെ ജീവനക്കാരനായിരുന്നു. സംസ്‌കാരം നടത്തി . പിതാവ്: അഗസ്റ്റിന്‍. മാതാവ്: ജെസി.സഹോദരങ്ങള്‍: അനില്‍, സിനില്‍





















































