നേര്യമംഗലം: കോതമംഗലം-നേര്യമംഗലം റോഡില്‍ രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലില്‍ ഇടിച്ച് തലകീഴായ് മറിഞ്ഞ് അപകടം. നെല്ലിമറ്റം മില്ലുംപടിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ആംബുലന്‍സ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ രോഗി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സിലുണ്ടായിരുന്ന രോഗി അടിമാലി പുതുക്കുടിയില്‍ സരീദ്, പുളിയമാക്കല്‍ ജിന്‍സ,നെല്ലിടശ്ശേരിയില്‍ ശ്വേത,വാളറ സ്വദേശി ജിനോ,എന്നിവര്‍ക്കാണ് പരിക്കേറ്റത്.ആരുടെയും പരിക്ക് ഗുരുതരമല്ല. അടിമാലിയിലെ പാലിയേറ്റീവ് പ്രവര്‍ത്തനത്തിനിടെ ഓക്സിജന്‍ സിലിണ്ടറിന്റെ അടപ്പ് തെറിച്ച് പരിക്കേറ്റ സരീദുമായി കോതമംഗലത്തെ ആശുപത്രയിലേക്ക് പോകുന്നതിനിടയില്‍ മില്ലുംപടിയില്‍ എതിര്‍ദിശയില്‍ വരികയായിരുന്ന വാഹനത്തിന് കടന്ന് പോവാന്‍ അവസരമൊരുക്കുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ആംബുലന്‍സില്‍ ഉണ്ടായിരുന്ന സരീദും, പാലിയേറ്റീവ് പ്രവര്‍ത്തകരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പരിക്കേറ്റവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെല്ലിമറ്റം മില്ലുംപടിയില്‍ ഒരു മാസത്തിനുള്ളിലുണ്ടായ മൂന്നാമത്തെ അപകടമാണിത്. രണ്ട് അപകടവും ഒരേ മതിലില്‍ ഇടിച്ചുണ്ടായതാണ്.വളവ് നിവര്‍ത്താതിരുന്നതാണ് അപകടകാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
