കോതമംഗലം : ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച കവളങ്ങാട് പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലുമുള്ള ജനങ്ങളുടെ ഭീതിയകറ്റാൻ ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ കോതമംഗലം മണ്ഡലം കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. കവളങ്ങാട് പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും ലൈസൻസ് പോലുമില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന പന്നിഫാമുകൾക്കെതിരെ നടപടി സ്വീകരിക്കണം. മറ്റു ജീവികളിലേക്കും പന്നിപ്പനി പടരുമെന്ന ഭീതി ജനങ്ങളിൽ നില നിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഭീതിയകറ്റാനുള്ള നടപടിയുണ്ടാകണം. പന്നിപ്പനി ബാധിച്ചതായി ബോധ്യപ്പെട്ടതിനു ശേഷവും പൊതുജനങ്ങളിൽ നിന്നും ദിവസങ്ങളോളം വിവരം മറച്ചുവച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കിസാൻ സഭ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് എം ഐ കുര്യാക്കോസ് അദ്ധൃക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം എസ് അലിയാർ, ട്രഷറർ എ എം ജോയി, ജോയിന്റ് സെക്രട്ടറി പി എം നൗഷാദ്, തോമാച്ചൻ ചാക്കോച്ചൻ ,എം എ മണി , എം ജി സാബു , ഗീത രാജേന്ദ്രൻ , ലിസി ആന്റണി, കെ കെ പരീത്, കെ എ സൈനുദ്ദീൻ എന്നിവർ പ്രസംഗിച്ചു.