കോതമംഗലം :- CPIM സംസ്ഥാന സെക്രട്ടറി MV ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് കോതമംഗലത്ത് വമ്പിച്ച സ്വീകരണം നൽകി. കാരകുന്നത്ത് നിന്ന് 300 ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥ ക്യാപ്ടനെ ആനയിച്ച് കോതമംഗലം ആൻ തിയറ്ററിന് സമീപം സ്വീകരിച്ചത്. തുടർന്ന് റെഡ് വോളണ്ടിയർ ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ച ശേഷം സമ്മേളന നഗരിയിലേക്ക് ആനയിച്ചു. ക്യാപ്റ്റൻ സഞ്ചരിക്കുന്ന തുറന്ന വാഹനത്തിന് പിന്നിലായി റെഡ് വളണ്ടിയർ പരേഡ് ഉണ്ടായിരുന്നു. വാദ്യമേളങ്ങൾ, കലാരൂപം എന്നിവ ജാഥയെ വർണ്ണാഭമാക്കി.
പാർട്ടിയിലെ ആദ്യകാല നേതാക്കളായ പി ആർ ഗംഗാധരൻ ,കെ പി പ്രഭാകരൻ എന്നിവരെ ആദരിച്ചു .. പാർടി നിർദേശ പ്രകാരം സ്വന്തം കൃഷിയിടത്തിൽ ജൈവ കൃഷിയിൽ ഉൽപാദിച്ച പത്തിൽ പരം പച്ചക്കറികൾ പാർടി എരിയ കമ്മിറ്റി അംഗം കെ ജി ചന്ദ്രബോസ് ജാഥ ക്യാപ്റ്റന് നൽകി. കോതമംഗലം മാർ തോമ ചെറിയ പള്ളി വികാരി ഫാ ജോസ് പരുത്തു വയലിൻ്റെ നേതൃത്വത്തിലുള്ള വൈദിക സമൂഹവും സമ്മേളന നഗരിയിലെത്തിയിരുന്നു. രാഷ്ട്രീയ,സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുത്തു.