കോതമംഗലം :- കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വച്ച് നടന്നു.ബഫർസോണുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള സർക്കാർ തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് ഫോറസ്റ്റ്,തദ്ദേശ സ്വയംഭരണ,റവന്യൂ വകുപ്പുകളുടെ ജാഗ്രതയോടു കൂടിയുള്ള പ്രവർത്തനങ്ങൾ ഉണ്ടാകണമെന്ന് എംഎൽഎ യോഗത്തിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി കോതമംഗലത്തെ ട്രാഫിക് പരിഷ്കാരവുമായി ബന്ധപ്പെട്ട് ജനുവരി മാസം 23-ാം തീയതിയിലെ ആർ ടി എ ബോർഡ് യോഗത്തിന് ശേഷം എൻഫോഴ്സ്മെന്റ് നടപടികൾ ശക്തമായി തുടരണമെന്ന് യോഗം തീരുമാനിച്ചു.ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പോലീസ്, എക്സൈസ്,ലേബർ,തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ
സംയുക്ത പരിശോധനകൾ കാര്യക്ഷമമായി തന്നെ കൈക്കൊണ്ടു പോകണമെന്നും യോഗം തീരുമാനിച്ചു.കാലാവസ്ഥ അനുകൂലമായതിനെ തുടർന്ന് കോതമംഗലം മണ്ഡലത്തിലെ പൊതുമരാമത്തുമായി ബന്ധപ്പെട്ട പ്രവർത്തികൾ വളരെ വേഗത്തിൽ ആരംഭിച്ചതായും ജനുവരി അവസാനത്തോടുകൂടി പ്രവർത്തികൾ എല്ലാം പൂർത്തീകരിക്കുമെന്നും കോതമംഗലം,പോത്താനിക്കാട് പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർമാർ യോഗത്തിൽ അറിയിച്ചു.ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് നഗരസഭ സ്വീകരിക്കുന്ന നടപടികൾ കൂടുതൽ ശക്തമായി തന്നെ കൊണ്ടുപോകണമെന്ന് യോഗം ആവശ്യപ്പെട്ടിട്ടുള്ളതാണ്.
തലക്കോട്,ഇഞ്ചിപ്പാറ,പുന്നേക്കാട് പ്രദേശങ്ങളിൽ വർഷങ്ങളായി പ്രദേശവാസികൾ നടത്തിവരുന്ന മലഞ്ചെരുക്ക് ഉണക്കലുമായി ബന്ധപ്പെട്ട പ്രവർത്തികൾ വനം വകുപ്പ് അനാവശ്യമായി തടയാൻ ശ്രമിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് യോഗം നിർദ്ദേശിച്ചു.ആലുവ – മൂന്നാർ റോഡിലെയും കോതമംഗലം – പുന്നേക്കാട് റോഡിലെയും വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വിഭാഗവും സംയുക്തമായി ചേർന്ന് തുടർ നടപടികൾ സ്വീകരിക്കണമെന്ന് യോഗം നിർദ്ദേശം നൽകി.നെല്ലിമറ്റത്ത് നിന്ന് ഉപ്പുകുളത്തേക്ക് പോകുന്ന വഴിയിൽ കൊട്ടാരംപടി ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് കേടുപാട് പരിഹരിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടിയും,മലയോര ഹൈവേയിലെ കാടുവെട്ടി നീക്കുവാനും,ജംഗ്ഷനുകളിൽ സൈൻ ബോർഡുകൾ സ്ഥാപിക്കുവാനുള്ള നടപടികൾ കൈക്കൊള്ളാൻ യോഗം നിർദ്ദേശം നൽകി.മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ,നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ബേബി പൗലോസ്,സാജൻ അമ്പാട്ട്,എ ടി പൗലോസ്,തോമസ് വട്ടപ്പാറ,തഹസിൽദാർ റേയ്ച്ചൽ കെ വർഗീസ്,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.