കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ കുറ്റിലഞ്ഞിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന എം ഈ എസ് ഇന്റർനാഷണൽ സ്കൂൾ പെട്ടന്ന് കോളേജ് ആയി കൂടി പ്രവർത്തനം ആരംഭിക്കുകയായിരുന്നു. നൂറിന് മുകളിൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിലാണ് ഡിഗ്രി കോഴ്‌സ് കൂടി ആരംഭിച്ചു ഒരേ കെട്ടിടത്തിൽ പ്രവർത്തനം നടന്നത്. ഇതറിഞ്ഞ സ്കൂൾ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ സംഘടിക്കുകയും എതിർപ്പ് മാനേജ്മെന്റിനെ അറിയിക്കുകയുമായിരുന്നു. അടുത്ത അധ്യയന വർഷംമുതൽ സ്കൂൾ പ്രവർത്തിക്കുന്നതല്ലന്നുള്ള മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുമുണ്ടായ നിലപാട് രക്ഷകർത്താക്കളെ പ്രകോപിതരാക്കുകയായിരുന്നു.
2016 യിൽ പ്രവർത്തനം തുടങ്ങിയ സ്കൂളിൽ , എം ജി യൂണിവേഴ്സിറ്റിയുടെ സെൽഫ് ഫിനാൻസിങ് കോളേജിന്റെ അഫിലിയേഷൻ നേടിയെടുത്ത് ഡിഗ്രീ കോഴ്‌സ് ആരംഭിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞുങ്ങളേയും മുതിർന്ന വോട്ടവകാശം വരെയുള്ള വിദ്യാർത്ഥികളെയും ഒരേ കെട്ടിടത്തിൽ ഉൾപ്പെടുത്തി എങ്ങനെയാണ് വിദ്യാഭ്യാസം നൽകുന്നത് എന്ന് ചോദിച്ചതാണ് മാനേജ്മെന്റും രക്ഷകർത്താക്കളുമായി സംഘർഷമുണ്ടാകുവാൻ കാരണമെന്ന് പി റ്റി എ പ്രതിനിധികൾ വ്യക്തമാക്കുന്നു. സ്കൂൾ വിദ്യാർത്ഥികളുടെ തുടർപഠനം ഉറപ്പാക്കുന്ന നടപടികൾ കൈക്കൊള്ളുമെന്നും രക്ഷകർത്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി.