കോതമംഗലം : ജാമിയെ കാണുന്നതിനും വിശേഷങ്ങൾ ചോദിച്ചറിയുന്നതിനും വൻ തിരക്ക്. സ്വതവേ ശാന്തശീലയായ ജാമി താര ജാഡയില്ലാതെ ആരാധകർക്ക് ഫോട്ടോക്ക് പോസ് ചെയ്തും, സ്നേഹ പ്രകടനങ്ങൾ നടത്തിയും താരമായി. കോതമംഗലം എം ബിറ്റസ് കോളേജിൽ നടക്കുന്ന ടെക്ഒളിമ്പിയാഡിലെ പോലീസ് പവലിയിനാലാണ് ജാമിയുള്ളത്. എറണാകുളം റൂറൽ ജില്ലയിലെ കെ9 വിഭാഗത്തിലെ പോലീസ് നായയാണ് ആറരവയസുള്ള ജാമി . ലാബ് ഇനത്തിലുള്ള നായ സ്ഫോടക വസ്തുക്കൾ കണ്ട്പിടിക്കുന്നതിൽ മിടുക്കിയാണ് . കൂടാതെ എ.കെ 47, എൽ.എം.ജി, മൾട്ടി ഷെൽ ലോഞ്ചർ , ഘാതക്, പിസ്റ്റൾ, റിവോൾവർ തുടങ്ങി പോലീസിൽ ഉപയോഗിക്കുന്ന പതിനേഴ് തോക്കുകളുടെ പ്രദർശനവും, പ്രവർത്തനങ്ങളുടെ വിവരണവും നടക്കുന്നുണ്ട്.
ഒരാൾ ആക്രമിച്ചാലോ, ശല്യപ്പെടുത്തിയാലോ പ്രതിരോധിക്കേണ്ടതെങ്ങനെയെന്ന് പെൺകുട്ടികളെ പോലീസ് പഠിപ്പിച്ച് കൊടുക്കുന്നുമുണ്ട്. യോദ്ധാവ്, സൈബർ ബോധവൽക്കരണം, ഓൺലൈൻ തട്ടിപ്പ് ബോധവൽക്കരണം. ഉദ്യോഗസ്ഥ പദവി അടയാളം, ബൈക്ക് അപകടത്തെക്കുറിച്ച് ബോധവൽക്കരണം തുടങ്ങിയവയും പവലിയനിലൊരുക്കിയട്ടുണ്ട്. എറണാകുളം റൂറൽ പോലിസിന്റെ നേതൃത്വത്തിലാണ് പ്രദർശനമൊരുക്കിയിട്ടുള്ളത്.