കോതമംഗലം : ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതി, കോതമംഗലം മണ്ഡലത്തിൽ നിന്നും നെല്ലിക്കുഴി പഞ്ചായത്തിനെ തെരെഞ്ഞെടുത്തതായി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.ഒരു പഞ്ചായത്തിൽ ഒരു കളി സ്ഥലം എന്ന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പ്രവർത്തികൾ സംബന്ധിച്ചും,ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുളള്ള നടപടി ക്രമങ്ങൾ സംബന്ധിച്ചും എം എൽ എ ചോദ്യം ഉന്നയിച്ചു.
പ്രസ്തുത പദ്ധതി താമസംവിനാ ആരംഭിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും എം എൽ എ സഭയിൽ ആവശ്യപ്പെട്ടു.ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിക്കായി ജനപ്രതിനികളുടെ ശുപാർശ പരിശോധിച്ച് തയ്യാറാക്കിയ പ്രാഥമിക കളി സ്ഥലങ്ങളുടെ ലിസ്റ്റ് അംഗീകരിച്ച് 10 -8- 2022 ലെ സ . ഉ (സാധാ) നം.204/2022 കാ. യു. വ നമ്പർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രസ്തുത പദ്ധതിയുടെ ആദ്യഘട്ടത്തിൽ കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കളിക്കളം ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിലെ ഓരോ പദ്ധതിക്കും ആവശ്യമായി വരുന്ന ഒരു കോടി രൂപയിൽ 50 ലക്ഷം രൂപ കായിക വകുപ്പും ബാക്കി വരുന്ന തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ,ജനപ്രതിനിധികളുടെ ഫണ്ട്,വിവിധ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത ഫണ്ട് എന്നിവയിൽ നിന്നും പ്രവർത്തിക്ക് ആവശ്യമായ തുക സമാഹരിക്കുന്നതിനാണ് വിഭാവനം ചെയ്തിട്ടുള്ളത്.കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെ 62 സെന്റ് സ്ഥലം ആണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്.പ്രസ്തുത പദ്ധതിയുടെ ഭാഗമായി നിലവിൽ പ്രചാരത്തിലുള്ള വിവിധ കായികയിനങ്ങൾക്കുള്ള സൗകര്യങ്ങളും ഇൻഡോർ കോർട്ട് ,മാനസിക ശാരീരിക ശേഷി വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന ഫിറ്റ്നസ് പവലിയൻ , ജിം തുടങ്ങിയ വിപുലമായ സൗകര്യങ്ങളും ഉയർന്ന സാമൂഹിക നിലവാരത്തോടുകൂടി സ്ത്രീസൗഹൃദ അന്തരീക്ഷം കൂടി കണക്കിലെടുത്ത് കൊണ്ടാണ് പദ്ധതി രേഖ തയ്യാറാക്കിയിരിക്കുന്നത്.
പ്രസ്തുത പദ്ധതിയുടെ നിർവഹണ ഏജൻസിയായ സ്പോർട്സ് കേരള ഫൗണ്ടേഷൻ കോതമംഗലം മണ്ഡലത്തിലെ പദ്ധതിക്കായി നിർദ്ദേശിച്ച സ്ഥലം സന്ദർശിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.മറ്റു സ്രോതസ്സുകളിൽ നിന്നും പ്രസ്തുത പദ്ധതിക്ക് വിഹിതം ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതി എസ്റ്റിമേറ്റ് തയ്യാറാക്കി തുടർനടപടികൾ സ്വീകരിക്കുന്നതാണ്. പദ്ധതിയുടെ തുടർ ഘട്ടങ്ങളിൽ മറ്റ് പഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്തുവാൻ നടപടി സ്വീകരിക്കുന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.